ഇന്ത്യന്‍ സിനിമയ്ക്ക് ലോക സിനിമയുടെ മുമ്പില്‍ ഒരു അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകനാണ് എസ്. എസ് രാജമൗലി. ബാഹുബലിക്കും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍.ആര്‍. ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് സംവിധായകന്റെ പുതിയതായി വരാനിരിക്കുന്ന പ്രൊജക്ട്. ആയിരം കോടിയലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

എസ്.എസ് രാജമൗലി. Photo: IMDB

പല ലൊക്കേഷനുകളിലായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന് അന്റാര്‍ട്ടിക്കയിലും ഷെഡ്യൂളുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഈ പ്ലാന്‍ ഉപേക്ഷിക്കുകയായിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ റിലീസ് ചെയ്യുന്ന ഇന്ത്യന്‍ ചിത്രമായി മാറാനുള്ള ഒരുക്കത്തിലാണ് വാരണാസി. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജാണ് കുംഭ എന്ന വില്ലന്‍ കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ വാരണാസിയ്ക്ക് ശേഷം സംവിധായകന്‍ ഹോളിവുഡ് ചിത്രം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു പോര്‍ച്ചുഗീസ് മീഡിയക്ക് നല്‍കിയ രാജമൗലിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു, അവയില്‍ ചിലത് ഇപ്പോഴും നിലവിലുണ്ട്. ഹോളിവുഡില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം, അവിടെയുള്ള മികച്ച തൊഴില്‍ സംസ്‌കാരത്തില്‍ നിന്നും പ്രവര്‍ത്തന ഘടനയില്‍ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. ഹോളിവുഡ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് വലിയ താത്പര്യമാണ്. എന്നാല്‍ ‘ആര്‍.ആര്‍.ആര്‍’ റിലീസ് ചെയ്തതിന് ശേഷം എനിക്ക് അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയപ്പോഴേക്കും ‘വാരണാസി’ എന്ന പ്രോജക്റ്റ് ആരംഭിച്ച് കഴിഞ്ഞിരുന്നു.’

വാരണാസി. Photo: District

‘ഒരേസമയം ഒന്നിലധികം പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാളല്ല ഞാന്‍. ഒരു പ്രോജക്റ്റ് പൂര്‍ണ്ണമായും തീര്‍ത്തതിന് ശേഷം മാത്രമേ അടുത്തതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് സാധിക്കൂ. ‘വാരണാസി’ പൂര്‍ത്തിയാകുമ്പോള്‍, ആ സാധ്യതയെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ആലോചിക്കുന്നതാണ്,’ രാജമൗലി പറഞ്ഞു.

Content Highlight: SS Rajamouli talks about his interest to work in Hollywood