വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ ഫലസ്തീനികളുടെ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിൽ പങ്കെടുത്ത് ഗായികമാരായ ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും. ഹാസ്യ നടനായ റാമി യൂസഫ് സംഘടിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയിലാണ് ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും പങ്കെടുത്തത്.
പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗസയിലെ മാനുഷിക സഹായത്തിനായി നല്‍കുമെന്ന് റാമി യൂസഫ് അറിയിച്ചു. റാമി യൂസഫിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും മറ്റു നഗരങ്ങളിലും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ബ്രിട്ടീഷ് മോഡലായ കാരാ ഡെലിവിങ്നെ, അനിയ ടെയ്‌ലർ ജോയ്, സോ ക്രാവിറ്റ്സ് എന്നിവരുള്‍പ്പെടെ മറ്റു സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. കോമഡി ഷോയില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ ഫോട്ടോകള്‍ പീപ്പിള്‍ മാഗസിന്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. റാമിന്റെ ധനസമാഹരണത്തെ കുറിച്ച് ഡച്ച് മോഡല്‍ ജിജി ഹഡിഡ് അദ്ദേഹത്തെ ഇതിഹാസം എന്ന് പരാമര്‍ശിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു.
