തൂത്തുകുടി: പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിനൊടുവില്‍ വേദാന്ത റിസോഴ്‌സിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉത്തരവിട്ടു.

“1974ലെ ജലനിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുജന നന്മയെക്കരുതി പ്ലാന്റ് പൂര്‍ണമായും അടച്ച് പൂട്ടി സീല്‍ ചെയ്യാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഉത്തരവിടുന്നു” – എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും സംഘര്‍ഷഭരിതമായ സ്ഥലത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഫാക്ടറി പൂര്‍ണമായും അടച്ച് പൂട്ടാതെ വാങ്ങില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.

തൂത്തുകുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും കൃഷിയെ ഉള്‍പ്പടെ ബാധിക്കുന്ന വിധം വായുവും വെള്ളവും മലിനമാവുന്നെന്നുമാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടിയത്. ശ്വാസകോശ-ചര്‍മ രോഗങ്ങള്‍ പ്രദേശത്ത് വര്‍ദ്ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.