ലീക്കായ ജന നായകന് 150 കോടി, പോസിറ്റീവ് ലഭിച്ച ഡി.സിയും വിശ്വനാഥും ബഹുദൂരം പിന്നില്‍; വൈറലായി തമിഴ്‌നാട് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്
Indian Cinema
ലീക്കായ ജന നായകന് 150 കോടി, പോസിറ്റീവ് ലഭിച്ച ഡി.സിയും വിശ്വനാഥും ബഹുദൂരം പിന്നില്‍; വൈറലായി തമിഴ്‌നാട് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 19th August 2026, 8:12 pm

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഇന്‍ഡസ്ട്രികളിലൊന്നാണ് കോളിവുഡ്. രജിനികാന്ത്, വിജയ്, സൂര്യ, അജിത്, കമല്‍ഹാസന്‍ തുടങ്ങി വമ്പന്‍മാര്‍ വാഴുന്ന തമിഴ് സിനിമയ്ക്ക് മറ്റ് ഭാഷകളിലും ആരാധകരേറെയാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു തമിഴിലെ സമീപകാലത്തെ ഏറ്റവും വലിയ സ്റ്റാറായ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ചത്. തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിജയ് സിനിമയെ വെല്ലുന്ന വിജയം നേടി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാണ്.

താരത്തിന്റെ അഭാവത്തില്‍ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു തമിഴ് സിനിമാലോകം കടന്നുപോയത്. ആവറേജ് അഭിപ്രായം ലഭിക്കുന്ന ചിത്രങ്ങളെ പോലും വലിയ കളക്ഷനിലേക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന കാരണത്താല്‍ വളരെ വൈകി ജൂലൈ 24നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. ഇതിനിടയില്‍ ചിത്രത്തിന്റെ പകര്‍പ്പ് ലീക്കായതും വലിയ തിരിച്ചടിയായിരുന്നു.

ജന നായകന്‍. Photo: X.com

ഒരുപാട് പ്രതിസന്ധികള്‍ ചിത്രം നേരിട്ടെങ്കിലും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത വിധത്തിലുള്ള സ്വീകരണമാണ് വിജയ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം നൂറ് കോടി പിന്നിടുകയും ആഗോളതലത്തില്‍ മുന്നൂറ് കോടിയിലധികം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജന നായകന് പിന്നാലെ റിലീസ് ചെയ്ത് മികച്ച പ്രതികരണം സ്വന്തമാക്കിയ ഡി.സിയ്ക്കും സൂര്യ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സിനും തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച കളക്ഷന്‍ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിരുന്നിട്ട് കൂടി ജന നായകന് കോളിവുഡില്‍ നിന്നും മാത്രം 149 കോടി രൂപ ലഭിച്ചപ്പോള്‍ മികച്ച പ്രതികരണം നേടിയ ഡി.സിയ്ക്ക് 20.50 കോടി മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്നും നേടാനായത്. ലോകേഷ് കനകരാജ് നായകനായെത്തിയ ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും വമ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും ഹോം ടെറിട്ടറിയില്‍ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് കാണാം. കേരളത്തില്‍ നിന്നും ചിത്രം 17 കോടി നേടിയിട്ടുണ്ടെന്ന കണക്കുകളുമായി കൂട്ടി വായിക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നത്.

ഡി.സി. Photo: X.com

 

സൂര്യ നായകനായി ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ വിശ്വനാഥ് ആന്‍ഡ് സണ്‍സാണ് ബോക്‌സ് ഓഫീസില്‍ ആക്ടീവായ മറ്റൊരു ചിത്രം. കറുപ്പിന് ശേഷം സൂര്യയുടെ മറ്റൊരു പടത്തിന് പോസിറ്റീവ് ലഭിച്ചപ്പോള്‍ 32 കോടിയാണ് ചിത്രത്തിന് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ ചിത്രം 130 കോടിയോളം നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Tamil Nadu Box Office collection for Dc, Viswanath and Sons, and Jana Nayagan Movies

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.