ചെന്നൈ: വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുട്ടിയുടെ പ്രസവാവധി 365 ദിവസമായി ഉയർത്താൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. നേരത്തെ ഇത് 12 ആഴ്ചയായിരുന്നു. മുമ്പ് ആദ്യത്തെ രണ്ട് കുട്ടികളുടെ പ്രസവത്തിനായിരുന്നു 365 ദിവസത്തെ അവധി നൽകിയിരുന്നത്. മാനവ വിഭവശേഷി മാനേജ്‌മെന്റ് മന്ത്രി ഡി. ശരത് കുമാറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. തന്റെ വകുപ്പിന് ഗ്രാന്റുകൾ ആവശ്യപ്പെടുന്ന ചർച്ചയ്ക്കുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്‌നാട് സർക്കാർ സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഒരു ക്ഷേമാധിഷ്ഠിത ഭരണകൂടമായതിനാലാണ് വനിതാ സർക്കാർ ജീവനക്കാരുടെ മൂന്നാമത്തെ കുട്ടിക്ക് നിലവിൽ നൽകുന്ന പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 365 ദിവസമായി ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പും പലതവണയായി പ്രസവാവധി ഉയർത്തിയിട്ടുണ്ട്. 2011-ൽ 90 ദിവസത്തെ പ്രസവാവധി ആറു മാസമായി വർദ്ധിപ്പിച്ചു. 2016-ൽ ഇത് ഒമ്പത് മാസമായി വർധിപ്പിച്ചു. തുടർന്ന് 2021 ജൂലൈയിൽ സർക്കാരിന്റെ തീരുമാനപ്രകാരം ഇത് ഒരു വർഷമായി (365 ദിവസം) നീട്ടി.
നിലവിലെ നിയമപ്രകാരം രണ്ടിൽ താഴെ കുട്ടികളുള്ള വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടോ അതിലധികമോ കുട്ടികളുള്ളവർക്ക് 84 ദിവസം വരെ ശമ്പളത്തോടുകൂടിയ അവധിക്കായിരുന്നു അർഹതയുണ്ടായിരുന്നത്.
ആദ്യമായി ടി.വി.കെ (TVK) എം.എൽ.എ ആയ പല്ലവി തന്റെ കുഞ്ഞിനെ നിയമസഭയിൽ കൊണ്ടുവന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കുട്ടിയുമായി നിയമസഭയിലെത്തിയ പല്ലവി, കുഞ്ഞിനെ ഒരു പരിചാരകനെ ഏൽപ്പിച്ച ശേഷമാണ് നിയമസഭാ നടപടിക്രമങ്ങളിൽ പങ്കെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കുഞ്ഞിനെ കൊണ്ടുവന്നതിൽ പല്ലവി വലിയ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. ഒരു നവജാത ശിശുവിനെ വീട്ടിൽ തനിച്ചാക്കി വരാൻ കഴിയില്ലെന്നായിരുന്നു വിമർശകർക്ക് പല്ലവിയുടെ മറുപടി.
‘ഒരു നവജാത ശിശുവിനെ എങ്ങനെയാണ് വീട്ടിൽ തനിച്ചാക്കി വരാൻ സാധിക്കുക? ഒരു അഭിപ്രായം പറയുന്നതിന് മുൻപ് ദയവായി ചിന്തിക്കുക. മറ്റൊരാളുടെ വേദന നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ട്രോളരുത്,’ ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവേ പല്ലവി പറഞ്ഞു. തിരു-വി-കാ നഗർ മണ്ഡലത്തിൽ നിന്നാണ് പല്ലവി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Tamil Nadu Approves 365-Day Maternity Leave for Third Child