ന്യൂദൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവാദമായ സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പൗരാവകാശ പ്രവർത്തകരും പ്രമുഖരും ചേർന്ന് ‘നോ എസ്.ഐ.ആർ നാഷണൽ പ്ലാറ്റ്‌ഫോം’ രൂപീകരിച്ചു. ദൽഹിയിൽ നടന്ന പ്ലാറ്റ്‌ഫോം ലോഞ്ചിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രൂക്ഷവിമർശനം ഉന്നയിച്ചു.
തങ്ങളെ ഒരുപക്ഷേ ‘ദിമാഗി നക്സലുകൾ’ എന്ന് ആക്ഷേപിച്ചേക്കാം എന്നും, എന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമാണ് ഈ രാജ്യത്തെ യഥാർത്ഥ രാജ്യദ്രോഹികൾ എന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷണറും ‘രംഗ-ബില്ല’മാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ പൂർണമായും റദ്ദാക്കി ഇതിന് മുൻപുള്ള യഥാർത്ഥ വോട്ടർപട്ടിക പുനസ്ഥാപിക്കുക, വോട്ടർമാരെ അനധികൃതമായി പട്ടികയിൽ നിന്ന് പുറന്തള്ളിയതിന് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി ക്രിമിനൽ നടപടികൾ സ്വീകരിക്കുക എന്നിവയാണ് ‘നോ എസ്.ഐ.ആർ’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ആവശ്യങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതി പുനസംഘടിപ്പിക്കണമെന്നും, പുതിയ എസ്.ഐ.ആർ പട്ടികയുടെ അടിസ്ഥാനത്തിൽ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
അഞ്ച് കോടിയിലധികം വോട്ടർമാരുള്ള കർണാടകയിൽ വെറും ഒരു മാസം കൊണ്ട് വോട്ടർപട്ടിക പുതുക്കൽ പൂർത്തിയാക്കാനാവില്ലെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. മതിയായ പരിശീലനം ലഭിച്ച ബി.എൽ.ഒമാർ ഇല്ലാതെയാണ് കമ്മീഷൻ ഈ പ്രക്രിയ നടത്തുന്നത്. 1.08 കോടി വോട്ടർമാരെ ഹാജരില്ലാത്തവർ, മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിങ്ങനെ മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ 43 ലക്ഷത്തിലധികം പേർ മറ്റ് സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടു. ഇവർ വെറും അക്കങ്ങളല്ല, ജീവിക്കുന്ന മനുഷ്യരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഫോം ഏഴിൽ ആളുകളുടെ വിവരങ്ങൾ മുൻകൂട്ടി പ്രിൻ്റ് ചെയ്ത് വെച്ചിരിക്കുന്നത് കർണാടകയിൽ പിടികൂടിയിട്ടുണ്ടെന്നും, പരാതിക്കാരൻ പേരും നമ്പറും മാത്രം എഴുതിക്കൊടുക്കുന്ന രീതിയിലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി ജനവിഭാഗങ്ങളെയും വോട്ടവകാശത്തിൽ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കമാണിതെന്നും, ഇതിനെതിരെ തെളിവുകളോടെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:‘Modi, Amit Shah, and Gyanesh Kumar are the real traitors’: Prakash Raj levels sharp criticism.
