20 ഓവര്‍ ബാറ്റ് ചെയ്തിട്ടും ഒറ്റ റണ്‍സ് പോലും ഇല്ലാത്ത അവസ്ഥ; പാകിസ്ഥാന് പണി കിട്ടും
T20 world cup
20 ഓവര്‍ ബാറ്റ് ചെയ്തിട്ടും ഒറ്റ റണ്‍സ് പോലും ഇല്ലാത്ത അവസ്ഥ; പാകിസ്ഥാന് പണി കിട്ടും
ആദര്‍ശ് എം.കെ.
Tuesday, 3rd February 2026, 12:05 pm

ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ നിലപാടാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നും പുറത്തിക്കിയതിലും ബി.സി.സി.ഐയ്ക്ക് അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ തീരുമാനം.

തങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.

ഈ തീരുമാനം ലോകകപ്പില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ക്കും വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്. പോയിന്റ് നഷ്ടപ്പെടുന്നതിനൊപ്പം നെറ്റ് റണ്‍ റേറ്റിലും വലിയ ഇടിവുണ്ടാകും.

രണ്ട് ടീമുകള്‍ക്ക് തുല്യ പോയിന്റാണെങ്കില്‍ നെറ്റ് റണ്‍ റേറ്റ് കണക്കാക്കിയാകും മികച്ച ടീമിനെ തെരഞ്ഞെടുക്കുകയും അവര്‍ മുന്നേറുകയും ചെയ്യുക എന്നിരിക്കെ നെറ്റ് റണ്‍ റേറ്റിലെ കുറവിന് പാകിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കും.

മത്സരം ബഹിഷ്‌കരിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 20 ഓവറും ബാറ്റ് ചെയ്‌തെന്നും പൂജ്യം റണ്‍സ് നേടിയെന്നുമാണ് കണക്കാക്കുക. സൂപ്പര്‍ 8ലേക്കുള്ള സാധ്യതയും കുറയും.

ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും പാകിസ്ഥാന് വിജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തും.

മോശം കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ടീമിന് തിരിച്ചടിയാകും നേരിടേണ്ടി വരിക. ഒരുപക്ഷേ പിഴയടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണെങ്കില്‍ മറ്റൊരു തരത്തിലും പാകിസ്ഥാന് തിരിച്ചടി നേരിടേണ്ടി വരും.

ഈ മത്സരം ബഹിഷ്‌കരിക്കാന്‍ തന്നെ പാകിസ്ഥാന്‍ തീരുമാനിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും? ഐ.സി.സി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മത്സരത്തിലെ പ്രധാനപ്പെട്ട മൂന്ന് സാഹചര്യങ്ങള്‍ പരിശോധിക്കാം.

1. ഇന്ത്യയ്ക്ക് ഈസി വാക്ക് ഓവര്‍

പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്ന് ബി.സി.സി.ഐ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ ടോസിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കളത്തിലറങ്ങുമെന്നും പാകിസ്ഥാനെ പ്രതീക്ഷിക്കുകയും ചെയ്യും.

ടോസിനായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ എത്തിച്ചേരാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയ്ക്ക് വാക്ക് ഓവര്‍ ലഭിക്കും. ഒപ്പം മത്സരത്തിലെ നിര്‍ണായകമായ രണ്ട് പോയിന്റും.

2. പോയിന്റ് പങ്കുവെക്കല്‍

ഇന്ത്യയ്ക്കും പാകിസ്ഥാനും ഓരോ പോയിന്റ് വീതം പങ്കുവെക്കപ്പെടാനുള്ള സാഹചര്യവുമുണ്ട്. ഇങ്ങനെ സംഭവിക്കണമെങ്കില്‍ ടീമിന്റെയും ടോസിന് എത്താതിരിക്കുന്ന സാഹചര്യമുണ്ടാകണം. അങ്ങനെയെങ്കില്‍ മാച്ച് റഫറി രണ്ട് ടീമിനും ഓരോ പോയിന്റ് വീതം നല്‍കും.

3. കളത്തിലിറങ്ങാന്‍ പാകിസ്ഥാനോട് ഐ.സി.സി ആവശ്യപ്പെടുന്നത്

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ ഐ.സി.സി മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും മത്സരം നടക്കുകയും ചെയ്യുക, ഇതാണ് മറ്റൊരു പരിഹാരം. ലോകകപ്പില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യാന്‍ സാധ്യതയുള്ള മത്സരമായതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനായി സമ്മര്‍ദം ചെലുത്തിയേക്കും.

 

Content Highlight: T20 World Cup 2026: Pakistan’s net run rate could drop significantly if they boycott the match against India

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.