ടെല്‍ അവീവ്: സിറിയയുമായുള്ള യുദ്ധം പൂര്‍ണമായും അനിവാര്യമാണെന്നും അത് ഗസയിലേതിനേക്കാള്‍ വലുതായിരിക്കുമെന്നും ഇസ്രഈല്‍ മന്ത്രി അമിചായ് ചിക്ലി. പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ ഇതിനോടകം തന്നെ സൈനിക നീക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന
‘സിറിയ സ്‌റ്റെറോയ്ഡ് നല്‍കിയ ഗസയെപ്പോലെയാണ്, അടുത്ത യുദ്ധം അവിടെയായിരിക്കുമെന്ന് പൂര്‍ണ നിശ്ചയമുണ്ട്,’ എന്ന് ചിക്ലി പറഞ്ഞു. ഇത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനേക്കാള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സിറിയയും തുര്‍ക്കിയുമാണെന്നും, അതിനാല്‍ ‘വൈകാതെയോ അല്ലാതെയോ’ സിറിയയുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നും ഇക്കഴിഞ്ഞ ജൂണിലും ചിക്ലി പറഞ്ഞിരുന്നു.
2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ, 1974ലെ സൈനിക പിന്മാറ്റ കരാര്‍ (Disengagement Agreement) അസാധുവായതായി ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലുള്ള ബഫര്‍ സോണിലേക്ക് കടന്നുകയറിയ ഇസ്രഈല്‍ സൈന്യം തെക്കന്‍ സിറിയയില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സിറിയയിലെ പുതിയ നേതൃത്വം ഇസ്രഈലുമായി യുദ്ധത്തിന് താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്.
ഇസ്രഈല്‍ സൈന്യം അസദിന്റെ പതനത്തിന് മുന്‍പുള്ള സ്ഥാനങ്ങളിലേക്ക് മടങ്ങണമെന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷാറ ആവശ്യപ്പെട്ടപ്പോള്‍, തെക്കന്‍ സിറിയയില്‍ സൈനികരഹിത മേഖല വേണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളില്‍ കുനൈത്ര പ്രവിശ്യയില്‍ പ്രവേശിച്ച ഇസ്രഈല്‍ സൈന്യം അവിടെ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും സാധാരണക്കാരെയും വാഹനങ്ങളെയും പരിശോധിക്കുകയും ചെയ്തു. ദാരായില്‍ ഇസ്രഈല്‍ സൈന്യം ജനവാസ മേഖലകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനുപുറമെ ലെബനന്‍, സിറിയ, ഗസ എന്നിവിടങ്ങളിലെ ‘സുരക്ഷാ മേഖലകളില്‍’ ഇസ്രഈല്‍ സൈന്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രഈലിന്റെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കിടെ മേഖലയില്‍ പുതിയ സുരക്ഷാ സഖ്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചരിത്രപരമായ ‘മെക്ക സംയുക്ത പ്രതിരോധ കരാറില്‍’ (Mecca Joint Defense Agreement) ഒപ്പുവെച്ചു.
നാറ്റോയുടെ ആര്‍ട്ടിക്കിള്‍ 5ന് സമാനമായി, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും കരാര്‍ ഒപ്പുവെച്ചുകൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍ പറഞ്ഞിരുന്നു.
Content Highlight: Syria to be the next battlefield; it will be more horrific than Gaza; war is inevitable, says Israeli minister.