കിരീടനേട്ടത്തിലും സൂര്യയ്ക്ക് ബോണസ് റെക്കോഡ്; പോണ്ടിങ്ങിനൊപ്പമാണ് ഇവന്‍ സ്ഥാനം പിടിച്ചത്!
Cricket
കിരീടനേട്ടത്തിലും സൂര്യയ്ക്ക് ബോണസ് റെക്കോഡ്; പോണ്ടിങ്ങിനൊപ്പമാണ് ഇവന്‍ സ്ഥാനം പിടിച്ചത്!
ശ്രീരാഗ് പാറക്കല്‍
Thursday, 12th March 2026, 11:59 am

2026 ടി-20 ലോകകപ്പില്‍ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെടുത്തി മൂന്നാം കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവും സംഘവും നേടിക്കൊടുത്തു.

കൂടാതെ ഐതിഹാസികമായ ഈ ലോകകപ്പ് യാത്രയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്വന്തം പേരിലും ഒരു അപൂര്‍വ നേട്ടം കൊയ്തിരിക്കുകയാണ്. ഒരു ഐ.സി.സി ഇവന്റില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടിട്ടും കിരീടം സ്വന്തമാക്കുന്ന ക്യാപ്റ്റനാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ താരം ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമാണ്.

2026 ടി-20 ലോകകപ്പില്‍ ഒമ്പത് ടോസില്‍ നിന്ന് സൂര്യയ്ക്ക് ഏഴ് ടോസുകളാണ് നഷ്ടപ്പെട്ടത്. പോണ്ടിങ്ങിന് 2003 ലോകകപ്പിലെ 11 മത്സരത്തിളില്‍ ഏഴ് ടോസ് നഷ്ടപ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും പോണ്ടിങ്ങാണ്.

സൂര്യകുമാര്‍ യാദവ്

ഒരു ഐ.സി.സി ഇവന്റില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടിട്ടും കിരീടം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍, നഷ്ടപ്പെട്ട ടോസ്, ആകെ ടോസ്, ടൂര്‍ണമെന്റ് എന്ന ക്രമത്തില്‍.

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) 7 – 9 – 2026 ടി-20 ലോകകപ്പ്

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 7 – 11 – 2023 ലോകകപ്പ്

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 6 – 11 – 2007 ലോകകപ്പ്

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)- 6 – 11 – 2023 ലോകകപ്പ്

കപില്‍ ദേവ് (ഇന്ത്യ) – 5 – 8 – 1983 ലോകകപ്പ്

അതേസമയം ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. പൂജ്യം റണ്‍സിനാണ് താരം മടങ്ങിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 30.25 എന്ന ബാറ്റിങ് ആവറേജില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ഇന്ത്യയെ കിരീടത്തിലെത്തിച്ചതോടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന നേട്ടവും സൂര്യ തന്റെ പേരില്‍ കുറിച്ചിരുന്നു (42 വിജയങ്ങള്‍).

2024ലെ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി അരങ്ങേറിയ സൂര്യ തൊട്ടതെല്ലാം പൊന്നാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടി-20 വിന്നിങ് പേര്‍സന്റേജ് പോലും സൂര്യ കടത്തി വെട്ടി. 80.77 ആണ് സൂര്യയുടെ വിജയ ശതമാനം. എന്നാല്‍ രോഹിത്തിന്റെത് വിജയശതമാനം 80.65 ആണ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനത്തോടെ തിരിച്ചുവരാന്‍ സൂര്യയ്ക്ക് സാധിച്ചു.

Content Highlight: Suryakumar Yada In Special Record Achievement In ICC Events

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ