ഹൈവേയിലാണോ സീന്‍, എങ്കില്‍ ഇങ്ങേര് വേറെ ലെവലാ, കറുപ്പിലും അതുതന്നെ കിട്ടി.... തിയേറ്ററിലും ഒ.ടി.ടിയിലും ഹിറ്റായി കറുപ്പ് സാമിയുടെ അടിച്ച് തൂക്കല്‍
Indian Cinema
ഹൈവേയിലാണോ സീന്‍, എങ്കില്‍ ഇങ്ങേര് വേറെ ലെവലാ, കറുപ്പിലും അതുതന്നെ കിട്ടി.... തിയേറ്ററിലും ഒ.ടി.ടിയിലും ഹിറ്റായി കറുപ്പ് സാമിയുടെ അടിച്ച് തൂക്കല്‍
അമര്‍നാഥ് എം.
Saturday, 13th June 2026, 4:10 pm

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ കറുപ്പ് കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ ചിത്രം ഒ.ടി.ടിയിലെത്തുമ്പോള്‍ സമ്മിശ്ര പ്രതികരണമായിരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പുറത്തുവരുന്നത്. ക്ലൈമാക്‌സിന് മുമ്പുള്ള ഫൈറ്റിലെ ഗ്രാഫിക്‌സ് ട്രോള്‍ മെറ്റീരിയലായപ്പോള്‍ മറ്റ് സീനുകളിലെ മേക്കിങ്ങിന് മികച്ച പ്രശംസയാണ് ലഭിക്കുന്നത്.

അത്തരത്തിലൊന്നാണ് രണ്ടാം പകുതിയിലെ ഹൈവേ സീന്‍. സൂര്യയും തൃഷയും കറുപ്പ് സാമിയുടെ അതിര്‍ത്തിയിലേക്കെത്തുന്ന സീന്‍ തിയേറ്ററില്‍ പൂരപ്പറമ്പാക്കി മാറ്റി. ഒ.ടി.ടിയിലും മികച്ച റെസ്‌പോണ്‍സാണ് ഈ സീനിന് ലഭിക്കുന്നത്. സൂര്യയുടെ കഥാപാത്രം കാറില്‍ നിന്ന് ഇറങ്ങി വില്ലന്മാരുടെ വണ്ടിയുടെ നേര്‍ക്ക് ഓടുന്ന സീനില്‍ സൂര്യയുടെ മാസ് ഓറ പരമാവധി ഒപ്പിയെടുത്തിട്ടുണ്ട്.

കറുപ്പിന് മുമ്പ് ഇത്തരത്തില്‍ സൂര്യ ചെയ്ത ഹൈവേ സീനുകള്‍ ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുകയാണ്. സിങ്കം 2ല്‍ വില്ലനെ പിടിക്കാനായി കാറിന് മുകളിലേക്ക് ചാടുന്നതും, സിങ്കം 3യില്‍ വില്ലനെ ഹൈവേയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്ന സീനും വീണ്ടും വൈറലായി മാറി. ഈ മൂന്ന് സീനും ഒന്നിനൊന്ന് മെച്ചമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഏറെക്കാലമായി ആരാധകര്‍ മിസ് ചെയ്ത സൂര്യ എന്ന മാസ് താരത്തെ കറുപ്പില്‍ അവതരിപ്പിക്കാന്‍ ബാലാജിക്ക് സാധിച്ചു. സ്‌ക്രീനിലെത്തുന്ന ഓരോ സീനിലും അപാര സ്‌ക്രീന്‍ പ്രസന്‍സായിരുന്നു സൂര്യക്ക്. ജി.കെ വിഷ്ണു എന്ന ഛായാഗ്രഹകന്‍ ഒരിക്കല്‍ കൂടി മാസ് സിനിമയില്‍ ഞെട്ടിച്ചിരിക്കുകയാണ്. ആരാധകര്‍ പോലും കറുപ്പ് ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയില്ലെന്നാണ് സത്യം.

13 വര്‍ഷത്തോളമായി പ്രോപ്പറായൊരു തിയേറ്റര്‍ ഹിറ്റില്ലാത്തതിന്റെ പേരില്‍ ധാരാളം വിമര്‍ശനം നേരിട്ട താരമായിരുന്നു സൂര്യ. അടുത്തിടെ മുന്‍നിരയിലേക്കെത്തിയ ശിവകാര്‍ത്തികേയന്‍, പ്രദീപ് രംഗനാഥന്‍ എന്നിവര്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുമ്പോള്‍ സൂര്യ മാത്രം പലപ്പോഴും നിരാശപ്പെടുത്തി. ഇത്രയും കാലത്തെ നിരാശ പലിശ സഹിതം വീട്ടിയിരിക്കുകയാണ് കറുപ്പ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ.

Content Highlight: Suriya’s screen presence in Karuppu movie viral after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം