തമിഴ് സിനിമാ പ്രേമികളെക്കാള്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തുമാധവന്റെ സീന്‍. 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ചിത്രം മുതല്‍ തന്നെ മലയാള സിനിമാ പ്രേമികള്‍ മനസില്‍ കുറിച്ചിട്ട പേരാണ് സംവിധായകന്‍ ജിത്തുവിന്റേത്. 2024ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി കൊണ്ട് ഒരുക്കിയ ആവേശത്തിലൂടെ ജിത്തു സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. സംവിധായകന്റെ മൂന്നാമത്തെ ചിത്രം ഏതായിരിക്കുമെന്ന് ഏവരും ഉറ്റുനോക്കിയ സാഹചര്യത്തിലായിരുന്നു സൂര്യയെ നായകനാക്കി താരത്തിന്റെ കരിയറിലെ 47ാമത്തെ ചിത്രം ജിത്തു സംവിധാനം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

സീന്‍. Photo: X.com
കഴിഞ്ഞ മാസം പുറത്തുവിട്ട ടീസറിലൂടെ സീന്‍ എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിലെന്നും ദീപാവലി ലക്ഷ്യമാക്കി നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കറുപ്പ്, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യ സീനുമായെത്തുമ്പോള്‍ ബ്ലോക്ക് ബ്ലാസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴിതാ കേരളത്തിലും ചിത്രത്തിന് വമ്പന്‍ റിലീസ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗോകുലം ഫിലിംസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്ന് കേരളത്തിലെത്തിക്കുന്ന ചിത്രം ഇതിനോടകം അഞ്ഞൂറിലധികം തിയേറ്ററുകള്‍ ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രമായും സീന്‍ മാറുമെന്നുറപ്പായിരിക്കുകയാണ്.

സീന്‍. Photo: X.com
ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരിക്കും സൂര്യ എത്തുന്നത്. സംവിധായകനും സംഗീത സംവിധായകനും എഡിറ്ററും അടക്കം ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും മലയാളികളാണെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ നസ് ലെന്‍, നസ്രിയ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നസ്‌ലെനായിരിക്കും ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും ടീസറില്‍ സൂചനുകളുണ്ടായിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Suriya Movie Scene Keralam theatre release
