തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കര. പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ മികച്ച ഹൈപ്പുള്ള കരയുടെ അപ്‌ഡേറ്റുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും കരയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരെല്ലാവരുമുണ്ടായിട്ടും ടീസറില്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സുരാജ് വെഞ്ഞാറമൂടാണ്.
ടീസറില്‍ വെറും രണ്ട് ഷോട്ടില്‍ മാത്രമാണ് സുരാജിനെ കാണിച്ചത്. ഈ രണ്ട് ഷോട്ടിലൂടെ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവുമധികം ഞെട്ടിക്കാന്‍ പോകുന്നത് സുരാജാണെന്നും കമന്റുകളുണ്ട്. ഭരതന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് കരയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭാഷ അറിയില്ലെന്ന കാരണം കൊണ്ട് മാത്രമാണ് ഇത്രയും കാലം തമിഴില്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് അടുത്തിടെ സുരാജ് പറഞ്ഞിരുന്നു. ഒരുപാട് കഥകള്‍ തേടിവന്നെങ്കിലും തമിഴ് ഫ്‌ളുവന്റായി സംസാരിക്കാനറിയാത്തതിനാല്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നെന്നാണ് സുരാജ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം റിലീസായ വീര ധീര സൂരനിലൂടെയായിരുന്നു സുരാജിന്റെ തമിഴ് എന്‍ട്രി.
പിന്നാലെ രജിനികാന്തിന്റെ ജയിലര്‍ 2, കര എന്നീ ചിത്രങ്ങളും സുരാജിനെ തേടിയെത്തി. കരക്ക് ശേഷം സുരാജ് ഭാഗമായ യൂത്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. താരത്തിന്റെ പ്രകടനം ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇനി കരയിലും സുരാജ് ഞെട്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് തമിഴ് സിനിമകള്‍ ചെയ്ത് കോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് സുരാജ്.
വന്‍ താരനിരയാണ് കരയില്‍ അണിനിരക്കുന്നത്. ശ്രീജ രവി, കെ.എസ്. രവികുമാര്‍, പൃഥ്വിരാജ് പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ധനുഷിന്റെ അവസാനത്തെ രണ്ട് ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. കരയില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷകയാണ്. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Suraj Venjaramoodu’s shots in Kara movie teaser viral