മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായ സുരാജ് മമ്മൂട്ടിയ്‌ക്കൊപ്പം മായാവി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ റോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സുരാജ് പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെയാകെ ഞെട്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കി കൊണ്ടായിരുന്നു തന്റെ ഉള്ളിലെ നടനെ സുരാജ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

സുരാജ് വെഞ്ഞാറമൂട്. Photo: Screen Grab/ Suntv/ Youtube.com

പിന്നീട് മലയാള സിനിമയില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളാണ് സുരാജ് വെഞ്ഞാറമൂട് കൈകാര്യം ചെയ്തത്. വില്ലനായും സഹനടനായും തന്റെ നര്‍മശൈലി വിടാതെ ഹാസ്യനടനായും സുരാജ് തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചിരുന്നു. സമീപകാലത്തായി സുരാജ് തമിഴ് സിനിമയിലും സജീവമായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങി തിയേറ്ററുകളില്‍ നിന്നും വിജയം നേടിയ യൂത്തില്‍ പ്രധാനവേഷത്തിലെത്തിയ സുരാജ് ധനുഷ് ചിത്രം കരയില്‍ പൊലീസ് കഥാപാത്രമായും വേഷമിട്ടിരുന്നു.

എന്നാല്‍ താരത്തിന്റെ അപ്കമിങ് മൂവീസ് ലിസ്റ്റില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്താന്‍ ഇരിക്കവെ വലിയ പ്രതീക്ഷകളാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ക്കുള്ളത്. ചിത്രത്തില്‍ ദിലീപ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരാജ് കൈകാര്യം ചെയ്യുന്നത്. ആദ്യഭാഗത്തില്‍ കൊല്ലപ്പെട്ട വിനായകന്റെ കഥാപാത്രമായ വര്‍മന് വേണ്ടി പ്രതികാരം ചോദിക്കാനായി വരുന്ന വില്ലനാണ് ദിലീപ് എന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ രജിനികാന്തിനൊപ്പം തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഷൂട്ട് കാണാന്‍ പുലര്‍ച്ചയായിയട്ടും രജിനി കാത്തിരുന്നതിനെ കുറിച്ചും അദ്ദേഹം തന്നെ അഭിനന്ദിച്ചതിനെ കുറിച്ചുമാണ് സുരാജ് സംസാരിച്ചത്.

‘ഷൂട്ടിനിടയില്‍ ഒരു ദിവസം പുലര്‍ച്ച വരെ ഷൂട്ട് പോയി. പുലര്‍ച്ചെ രണ്ടര മണി വരെ ഞാനും സാറും തമ്മിലുള്ള ഷൂട്ട് പോയിരുന്നു. രണ്ടരയ്ക്ക് അദ്ദേഹത്തിന്റെ പോര്‍ഷന്‍ കഴിഞ്ഞു. അതിന് ശേഷം എന്റെ ഷോട്ടായിരുന്നു. ഞാന്‍ ക്യാരക്ടറായി അഭിനയിച്ച ശേഷം സാര്‍ കട്ട് വിളിച്ചു. രണ്ടേമുക്കാലായിട്ടുണ്ടാകും. അപ്പോഴാണ് ഒരു ക്ലാപ്പ് ശബ്ദം കേള്‍ക്കുന്നത്. നോക്കുമ്പോള്‍ രജിനി സാര്‍ ക്ലാപ്പടിച്ചുകൊണ്ട് നടന്നുവരികയാണ്.

ജയിലര്‍ 2. Photo: X.com

അദ്ദേഹത്തിന്റെ ഒപ്പം ലൊക്കേഷനിലുള്ള എല്ലാവരും കൈയടിക്കുന്നുണ്ട്. അത് എന്റെ ലൈഫ് ടൈം മൊമന്റാണ്. അന്ന് ഞാന്‍ സാറിന്റെ അടുത്ത് പോയി എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴാണ് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയതെന്നും പറഞ്ഞു. സമയം അത്രയും ലേറ്റായിട്ടും അദ്ദേഹത്തെ പോലൊരാള്‍ അവിടെ കാത്തുനിന്ന് കോ ആക്ടറിന്റെ പെര്‍ഫോമന്‍സ് കണ്ട് അയാളെ അഭിനന്ദിക്കുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ല. അത് ഒരിക്കലും എനിക്ക് മറക്കാന്‍ സാധിക്കില്ല. വലിയ ഇന്‍സ്പിരേഷനാണ് അത്,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramood talks about the appreciation he got from Rajinikanth