മൂന്ന് കുട്ടികളുടെ ഫീസടയ്ക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ എന്ത് ജോലി വേണമെങ്കിലും ഞാന്‍ ചെയ്യും: സുരാജ് വെഞ്ഞാറമൂട്
Malayalam Cinema
മൂന്ന് കുട്ടികളുടെ ഫീസടയ്ക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ എന്ത് ജോലി വേണമെങ്കിലും ഞാന്‍ ചെയ്യും: സുരാജ് വെഞ്ഞാറമൂട്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th April 2026, 10:38 am

മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലേക്കെത്തിയ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടി നായകനായ മായാവി, തുറുപ്പുഗുലാന്‍, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊണ്ടാണ് സുരാജ് അഭിനയത്തില്‍ തനിക്കുള്ള പൊട്ടന്‍ഷ്യല്‍ സിനിമാലോകത്തോട് വിളിച്ചറിയച്ചത്. ദേശീയ അവാര്‍ഡിന് പുറമെ നാല് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ താരം അടുത്തിടെ തമിഴിലും സജീവമായിരുന്നു.

സുരാജ് വെഞ്ഞാറമൂട്. Photo: Ott Paly

നവാഗതനായ കെന്‍ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച യൂത്തില്‍ താരത്തിന്റെ അച്ഛനായി സുരാജ് വേഷമിട്ടിരുന്നു. കമിങ് ഓഫ് ഏജ് ഴോണറില്‍ പെട്ട ചിത്രത്തില്‍ അഭിനയപ്രധാന്യമുള്ള വേഷമായിരുന്നു സുരാജ് കൈകാര്യം ചെയ്തത്. തിയേറ്ററുകളില്‍ നിന്നും 83 കോടിയോളം നേടി വലിയ വിജയമായി മാറിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഇതോടെ സുരാജ് അഭിനയിച്ച രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഇതിനിടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സക്‌സസ് മീറ്റില്‍ താന്‍ പലതരം കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുന്നതിനെക്കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യകഥാപാത്രങ്ങളും ഇമോഷണല്‍ സീനുകളും ഒരേ പോലെ എങ്ങനെയാണ് മികവുറ്റതാക്കി ചെയ്യാന്‍ സാധിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

എന്നാല്‍ ഇതിന് രസകരമായാണ് സുരാജ് മറുപടി പറഞ്ഞത്. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും ഇവര്‍ മൂന്ന് പേര്‍ക്കും ഒരു മാസം സ്‌കൂളില്‍ അടയ്‌ക്കേണ്ട ഫീസ് ആലോചിച്ചാല്‍ ഇത് മാത്രമല്ല മറ്റെല്ലാ ജോലിയും താന്‍ ചെയ്യുമെന്നുമാണ് സുരാജ് പറഞ്ഞത്. എല്ലാ കഥാപാത്രങ്ങളും തനിക്ക് ബുദ്ധിമുട്ടുള്ളതാണെങ്കിലും സംവിധായകന്‍ പറഞ്ഞുതരുന്നത് പോലെ അതേ മീറ്ററില്‍ തിരിച്ച് കൊടുക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

യൂത്തില്‍ സുരാജ് വെഞ്ഞാറമൂട്. Photo: Filimibeat

ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരാജ് വേഷമിട്ടിരുന്നത്. സുരാജിന് പുറമെ അനിഷ്മ അനില്‍കുമാര്‍, ദേവദര്‍ശിനി, മീനാക്ഷി ദിനേശ്, പ്രിയാന്‍ഷി യാദവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. യൂത്തിന് പുറമെ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം കരയിലും അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ജയിലര്‍ 2വിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Suraj Venjaramood talks about his verastile characters

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.