blast-01കാബൂള്‍: കാബൂള്‍ പോലീസ് അക്കാദമിയില്‍ നടന്ന ചാവേറാക്രമണത്തില്‍ നിരവധിപ്പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ആക്രണത്തില്‍ 40 ല്‍ അധികം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 100 ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന വലിയ രണ്ടാമത്തെ ആക്രമണമാണിത്.

അക്കാദമിക്ക് സമീപത്ത് എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ചാവേറാക്രമണം നടന്ന കാര്യം സ്ഥരീകരിച്ചെങ്കിലും എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയാന്‍ ഡെപ്യൂട്ടി പോലീസ് ചീഫ് തയ്യാറായില്ല.

കാബൂളില്‍ വെള്ളിയാഴ്ച രാവിലെ നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.