അപ്പു അങ്ങനെയാണെന്ന് ആളുകള്‍ അക്‌സപ്റ്റ് ചെയ്തു, നീ അതുപോലെയായാല്‍ ശരിയാവില്ലെന്ന് ഞാന്‍ മായയോട് പറഞ്ഞു: സുചിത്ര മോഹന്‍ലാല്‍
Malayalam Cinema
അപ്പു അങ്ങനെയാണെന്ന് ആളുകള്‍ അക്‌സപ്റ്റ് ചെയ്തു, നീ അതുപോലെയായാല്‍ ശരിയാവില്ലെന്ന് ഞാന്‍ മായയോട് പറഞ്ഞു: സുചിത്ര മോഹന്‍ലാല്‍
അമര്‍നാഥ് എം.
Friday, 21st August 2026, 8:48 am

മലയാളസിനിമക്ക് പുതിയൊരു നടിയെ ലഭിച്ചിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിലൂടെ. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കം ഇതിനോടകം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. ഫാമിലി ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചത്.

പ്രണവിന് പിന്നാലെ മോഹന്‍ലാലിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്കെത്തിയത് ആരാധകര്‍ക്കും സന്തോഷം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ ആദ്യം പറഞ്ഞത് പ്രണവിനോടാണെന്നും അവര്‍ രണ്ടുപേരുമാണ് ഏറ്റവും കണക്ടെന്നും സുചിത്ര പറയുന്നു.

തന്നെക്കാള്‍ വിസ്മയ പല കാര്യങ്ങളും പറയുന്നത് പ്രണവിനോടാണെന്നും അവരുടെ ചിന്തകളും രീതികളും ഏതാണ്ട് ഒരുപോലെയാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ആദ്യസിനിമക്ക് പല കഥകളും കേട്ടെന്നും ഏറ്റവുമൊടുവിലാണ് ജൂഡിന്റെ കഥയ്ക്ക് ഓക്കെ പറഞ്ഞതെന്നും സുചിത്ര പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര.

‘മായയുടെ ഫസ്റ്റ് സിനിമ എന്ന നിലയില്‍ ഒരുപാട് കഥകള്‍ കേട്ടിരുന്നു. ചില റൊമാന്റിക് സബ്ജക്ടുകളായിരുന്നു അത്. മായയുടെ ലോഞ്ചിന് അതൊന്നും ശരിയല്ലെന്ന് തോന്നിയപ്പോഴാണ് വിശാഖ് ജൂഡിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ജൂഡിന്റെ കഥ കേട്ടപ്പോള്‍ ഓക്കെയായി. മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചതുകൊണ്ട് സിനിമയില്‍ അത് ഗുണം ചെയ്തു. പടം കംപ്ലീറ്റായി റിലീസടുത്തപ്പോള്‍ മായക്ക് ടെന്‍ഷനായി.

ഫസ്റ്റ് ഡേ പടം കാണാന്‍ വരണോ എന്ന് അവള്‍ ചോദിച്ചപ്പോള്‍ ‘അതിന്റെ ആവശ്യമൊന്നുമില്ല’ എന്ന് ആന്റണി പറഞ്ഞു. പക്ഷേ, ഞാന്‍ അത് തിരുത്തി. ആളുകള്‍ മായയെക്കുറിച്ച് എന്തെങ്കിലും വിചാരിക്കുമോ എന്ന് ചിന്തിച്ചു. ‘അപ്പു അങ്ങനെ ആളുകളുടെ മുന്നിലെത്താറില്ല, എവിടെയും എത്തില്ല. അവന്‍ അങ്ങനെയാണെന്ന് ആളുകള്‍ അക്‌സപ്റ്റ് ചെയ്തു. നീയും അതുപോലെയായാല്‍ ശരിയാവില്ലെന്ന് പറഞ്ഞു. അങ്ങനെ ആന്റണിയും ഞങ്ങളും ഫസ്റ്റ് ഡേ പടം കാണാന്‍ പോയി,’ സുചിത്ര പറയുന്നു.

2018 ന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിയിലേറെ നേടിക്കഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോയുടെ പ്രകടനവും പലരും എടുത്തുപറയുന്നുണ്ട്. മോഹന്‍ലാലും തുടക്കത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlight: Suchithra Mohanlal about Pranav and Vismaya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം