തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജജ്ജമാകണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സംഘവും സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളിലം നദികള്‍ക്ക് സമീപമുള്ള മേഖലകളിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. വിവിധ നദികളില്‍ ജലനിരപ്പ് അപകട നില പിന്നിട്ടു. മൂവാറ്റുപുഴ, മീനച്ചില്‍, പെരിയാര്‍ അടക്കമുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകുന്നുണ്ട്.
ഇന്ന് (ഓഗസ്റ്റ് ഒന്ന്, ശനി) കൂടുതല്‍ നദീ തീരങ്ങളില്‍ പുതുതായി ഓറഞ്ച് യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചു. മൂവാറ്റുപുഴ, കല്ലട, മീനച്ചില്‍, മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളിലാണ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്.
യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ നദികളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതര്‍ നിര്‍ദേശിച്ചാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയില്‍ പ്രദേശത്ത് ഒന്നിലധികം സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായാണ് വിവരം
കനത്ത മഴ കാരണം ഗതാഗത നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.
വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന് സമീപം വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചുരം വഴി അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് വയനാട് കലക്ടര്‍ നിര്‍ദേശിച്ചു.
അവശ്യ സര്‍വീസുകള്‍ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight:Heavy rains in Kerala: State Government Direct’s Kottayam, Idukki and Pathanamthitta Collectors to Handle any Emergency Situation
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.