ഇന്ത്യന്‍ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച സംവിധായകനാണ് എസ്.എസ് രാജമൗലി. 2001ല്‍ ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ഒരുക്കിയ സ്റ്റുഡന്റ് നമ്പര്‍ വണ്ണിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജമൗലി ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ വലിയ മാറ്റം കൊണ്ടുവരികയായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ സംവിധായകന്റെ ആര്‍.ആര്‍.ആറും വലിയ ജനശ്രദ്ധ നേടിയിരുന്നു.
രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം ഫാന്റസി ഴോണറിലാണ് സംവിധായകന്‍ ശശാങ്ക് യെലോട്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

രാജമൗലി. Photo: X.com
മലയാളം ട്രെയ്‌ലറില്‍ വോയിസ് ഓവര്‍ നല്‍കിയത് സൂപ്പര്‍ താരം മോഹന്‍ലാലായിരുന്നു. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയും തമിഴില്‍ കമല്‍ ഹാസനുമാണ് വോയിസ് ഓവര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ മൂന്ന് പേരെയും വോയിസ് ഓവറിനായി സമീപിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ബാലകൃഷ്ണ സാര്‍ പറയാനുള്ളതെല്ലാം മുഖത്ത് നോക്കി പറയുന്ന ആളാണ്. നോയാണെങ്കില്‍ നോ എന്ന് തന്നെ പറയും. വോയിസ് ഓവറിനായി കാര്‍ത്തികേയനും ഫഹദും അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ട്രെയ്‌ലര്‍ കാണുകയും ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയതു. അദ്ദേഹത്തിന്റെ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ഒരു ട്രോള്‍ മെറ്റീരിയലായാണ് തുടങ്ങിയതെങ്കിലും പിന്നീടത് യുവാക്കള്‍ക്കിടയില്‍ വൈറലായ ഒരു പ്രയോഗമായി മാറുകയായിരുന്നു. വോയിസ് ഓവര്‍ നല്‍കിയതിന് അദ്ദേഹത്തിന് ഒരുപാട് നന്ദി.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: X.com
അതുപോലെ തന്നെയാണ് കമല്‍ഹാസന്‍ സാറും. തമിഴ് വോയിസ് ഓവറിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ വെറുതെ അത് റെക്കോര്‍ഡ് ചെയ്ത് കമല്‍ സാറിന് അയച്ചുതരാമായിരുന്നു. പക്ഷേ അദ്ദേഹം കാര്‍ത്തികേയനെ വിളിച്ച് മൂന്ന് വേരിയേഷനിലുള്ള വോയിസ് ഓവര്‍ ചെയ്ത് നല്‍കി. ഒരു വോയിസ് ഓവറിന് ഇത്രയും പെര്‍ഫെക്ഷനും വേരിയേഷനും നല്‍കി ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ ലെജന്‍ഡായി മാറിയതും.
ഇവരുടെയെല്ലാം ഓപ്പോസിറ്റാണ് മോഹന്‍ലാല്‍ സാര്‍. അദ്ദേഹം വന്ന് എന്തെങ്കിലും പറയും പക്ഷേ അതിലൊരു മാജിക് സംഭവിക്കും. ഈ ചിത്രത്തെ സപ്പോര്‍ട്ട് ചെയ്ത മൂന്ന് ലെജന്‍ഡ്‌സിനും ഒരുപാട് നന്ദി,’രാജമൗലി പറഞ്ഞു.
Content Highlight: Ss Rajamoult talks about Mohanlal, Kamal Hasan, and Nandamuri Balakrishna
