രാജസ്ഥാന്റെ ഓള്‍ റൗണ്ടര്‍ക്ക് പകരമെത്തുന്നത് ലങ്കന്‍ സൂപ്പര്‍ താരം; പണി കിട്ടിയത് പി.എസ്.എല്ലിന്!
Cricket
രാജസ്ഥാന്റെ ഓള്‍ റൗണ്ടര്‍ക്ക് പകരമെത്തുന്നത് ലങ്കന്‍ സൂപ്പര്‍ താരം; പണി കിട്ടിയത് പി.എസ്.എല്ലിന്!
ശ്രീരാഗ് പാറക്കല്‍
Monday, 23rd March 2026, 12:48 pm

പി.എസ്.എല്‍ (പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ്) ഉപേക്ഷിച്ച് ഐ.പി.എല്ലില്‍ കളിക്കാന്‍ തീരുമാനിച്ച് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക. ഐ.പി.എല്ലില്‍ പരിക്കേറ്റ് പുറത്തായ രാജസ്ഥാന്‍ റോയല്‍സ് താരം സാം കറനിന് പകരമായാണ് ദാസുന്‍ ഷനകയുടെ വരവ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രാജസ്ഥാന്‍ ട്രേഡ് ചെയ്ത ഓള്‍ റൗണ്ടറായിരുന്നു സാം കറന്‍.

അതേസമയം കഴിഞ്ഞ ഡിസംബറിലെ ഐ.പി.എല്‍ ലേലത്തില്‍ ഷനതയെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. ഇതോടെ പി.എസ്.എല്ലില്‍ ലാഹോര്‍ ഖലന്ദേഴ്‌സുമായി താരം കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങാനുള്ള അവസരം വന്നതോടെ ഷനക കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. 75 ലക്ഷം രൂപയ്ക്കായിരുന്നു ഷനകയെ ലാഹോര്‍ സ്വന്തമാക്കിയത്. എന്നാല്‍ റോയല്‍സ് ഫാമിലിയിലേക്ക് 2 കോടി രൂപയ്ക്കാണ് ഷനകയെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക

ഷനകയ്ക്ക് പുറമെ സിംബാബ്‌വേയുടെ പേസ് ബൗളര്‍ ബ്ലസിങ് മുസാരബാനിയടക്കമുള്ള താരങ്ങള്‍ പി.എസ്.എല്‍ വിട്ട് ഐ.പി.എല്ലില്‍ ചേര്‍ന്നിരുന്നു. മറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനു ശേഷവും കളിക്കാര്‍ ഐ.പി.എല്‍ അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയാണിത്.

അടുത്തിടെ നടന്ന ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ ഷനക സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു. ടൂര്‍ണമെന്റ്‌റില്‍ ഷനക 165 റണ്‍സും സംഭാവന ചെയ്തു. പാകിസ്ഥാനെതിരെ 31 പന്തില്‍ നിന്ന് 76* റണ്‍സ് നേടിയതുള്‍പ്പെടെ മികച്ച പ്രകടനങ്ങള്‍ ഓള്‍ റൗണ്ടര്‍ക്കുണ്ട്.

നിലവില്‍ ലങ്കയ്ക്ക് വേണ്ടി118 മത്സരങ്ങള്‍ കളിച്ച ഷനക 1914 റണ്‍സാണ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ നേരത്തെ മൂന്ന് മത്സരം കളിച്ച ഷനക 26 റണ്‍സാണ് നേടിയത്.

അതേസമയം ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28 മുതലാണ് 19ാം സീസണിന് തുടക്കമാവുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന് തിരശീലയുയരുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Sri Lanka captain Dasun Shanaka decides to play in IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ