ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമയുടെ റിലീസ് നാളെ തന്നെ നടക്കും. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരിഗണിച്ച് ആദ്യ ഷോയുടെ സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് 6 മണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പി, ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മിച്ചിരിക്കുന്നത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്‌സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി സോളോ ഹീറോ വേഷത്തില്‍ ആദ്യമായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. കറിയ എന്ന കഥാപാത്രത്തെയാണ് ഭാസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍.

ശ്രീനാഥ് ഭാസി എന്ന അഭിനേതാവ് പലപ്പോഴും അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പറവയിലെ വില്ലനും, വൈറസിലെ ഡോക്ടര്‍ ആബിദ് റഹ്മാനും, കപ്പേളയിലെ റോയിയും, ട്രാന്‍സിലെ കുഞ്ഞനും, ഹോമിലെ ആന്റണി ഒലിവര്‍ ട്വിസ്റ്റും തുടങ്ങി ഭീഷ്മ പര്‍വ്വത്തിലെ അമി രെയുള്ള വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ കറിയ അതിലും മുകളിലായിരിക്കുമെന്നാണ് ചട്ടമ്പിയുടെ അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന രണ്ട് ട്രെയിലറുകളും ആ പ്രതീക്ഷ നല്‍കുന്നുണ്ട്.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിനു, പി.ആര്‍.ഒ -ആതിര. കണ്ടന്റ് ഫാക്ടറിയാണ് പി.ആര്‍. സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Content Highlight: Sreenath Bhasi starring Chattambi will release on Sep 23