padmanabha-temple-tvm

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 186 കോടിയുടെ സ്വര്‍ണപ്പാത്രങ്ങള്‍ കാണാതായതായി മുന്‍ സി.എ.ജി. വിനോദ് റായിയുടെ റിപ്പോര്‍ട്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നു മുതല്‍ 1000 വരെ നമ്പറുള്ള സ്വര്‍ണപ്പാത്രങ്ങളാണ് 2002 വരെ ഉത്സവങ്ങള്‍ക്കായി പുറത്തെടുത്തിരുന്നത്. അതിനുശേഷം നമ്പര്‍ 1001 മുതലുള്ളവ പുറത്തെടുത്തു.

2011 ഏപ്രില്‍ ഒന്നിന് പുറത്തെടുത്ത ഒരു സ്വര്‍ണപാത്രത്തിന്റെ നമ്പര്‍ 1988 ആണ്. അതിനാല്‍ ചുരുങ്ങിയത് അത്രയും സ്വര്‍ണപ്പാത്രമുണ്ടാകുമെന്ന് കണക്കാക്കുന്നു.

ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടുപോയതില്‍ 263 കിലോഗ്രാം സ്വര്‍ണം നഷ്ടമായിട്ടുണ്ട്. 1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ബിനിലവറ ചുരുങ്ങിയത് ഏഴ് തവണയെങ്കിലും തുറന്നിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ വിനോദ് റായ് സമര്‍പ്പിച്ച പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണാഭരണത്തിനായി 822 സ്വര്‍ണപാത്രങ്ങള്‍ ഉരുക്കിയിട്ടുണ്ട്. അതിനാല്‍ ചുരുങ്ങിയത് 1166 പാത്രമെങ്കിലും ബാക്കി കാണണം. എന്നാല്‍ 397 എണ്ണം മാത്രമേ കാണുന്നുള്ളൂവെന്നാണ് മനസ്സിലാക്കുന്നത്. ഏതാണ്ട് 769 സ്വര്‍ണപാത്രങ്ങള്‍(776 കിലോഗ്രാം) കാണുന്നില്ല. ഇവയ്ക്ക് ഏതാണ്ട് 186 കോടിയാണ് വില കണക്കാക്കുന്നത്.

വിവിധ കാലങ്ങളിലായി സ്വര്‍ണപ്പണിക്കാര്‍ക്ക് ഉരുക്കല്‍, ആഭരണമുണ്ടാക്കല്‍, ശുദ്ധീകരിക്കല്‍ തുടങ്ങിയവയ്ക്ക് 887 കിലോഗ്രാം സ്വര്‍ണം നല്‍കി. എന്നാല്‍ 624 കിലോ മാത്രമേ തിരിച്ചുകിട്ടിയിട്ടുള്ളൂ.

ഏതാണ്ട് 263 കിലോഗ്രാം കുറവുവന്നു. സ്വര്‍ണത്തിന്റെ തൂക്കവും ശുദ്ധിയും കണക്കാക്കാന്‍ ക്ഷേത്രത്തിന് കൃത്യമായ വ്യവസ്ഥയില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.