ചരിത്രത്തെ വെട്ടി റയൽ മാഡ്രിഡ്; പോരാട്ടം ഇനി പുതിയ പേരിൽ
Football
ചരിത്രത്തെ വെട്ടി റയൽ മാഡ്രിഡ്; പോരാട്ടം ഇനി പുതിയ പേരിൽ
സുദേവ് എ
Thursday, 20th August 2026, 3:56 pm

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്. ലോക ഫുട്ബോളിൽ റയൽ മാഡ്രിഡ് വാരിക്കൂട്ടിയ കിരീടങ്ങൾക്ക് കയ്യും കണക്കുമില്ല. യൂറോപ്പിലെ ഏറ്റവും വലിയ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഏറ്റവും കൂടുതൽ തവണ വിജയിച്ച തലയെടുപ്പുള്ള ഒരേയൊരു ടീമും റയൽ മാഡ്രിഡ്‌ തന്നെയാണ്. 15 തവണയാണ് സ്പാനിഷ് ക്ലബ്ബ് യൂറോപ്പിന്റെ നെറുകയിലെത്തിയത്.

ഇപ്പോൾ റയൽ മാഡ്രിഡ് ചരിത്രപരമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. റയൽ തങ്ങളുടെ ഹോം ഗ്രൗണ്ടിന്റെ പേര് തന്നെ മാറ്റിയിരിക്കുകയാണ്. ഐതിഹാസിക വിജയങ്ങൾക്ക് സാക്ഷിയായ റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂ ഇനിമുതൽ ദി ബെർണബ്യൂ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റായ സാന്റിയാഗോ ബെർണബ്യൂ ഡി യെസ്റ്റയോടുള്ള ആദരസൂചകമായിട്ടായിരുന്നു ഹോം ഗ്രൗണ്ടിന് ഈ പേര് നൽകിയിരുന്നത്. ഒരുപിടി ചരിത്ര നിമിഷങ്ങൾ പിറവിയെടുത്ത സാന്റിയാഗോ എന്ന പേരിനെ ഒഴിവാക്കിയത് പല ആരാധകരിലും വലിയ വിയോജിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനും മികച്ച ആകർഷകമായ ഒരു ബ്രാൻഡിങ് സൃഷ്ടിക്കാനുമാണ് റയൽ മാഡ്രിഡ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഭാവിയിൽ വരാനിരിക്കുന്ന കോർപ്പറേറ്റ് സ്പോൺസർമാരുമായി പേര് പങ്കിടുമ്പോഴും വാണിജ്യ കരാറുകളിൽ ഒപ്പുവെക്കുമ്പോഴും സാന്റിയാഗോ എന്ന പേര് ഒഴിവാക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നാണ് ക്ലബ്ബ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.

ഇതിനുപുറമേ പുതുതായി നവീകരിച്ച സ്റ്റേഡിയം അന്താരാഷ്ട്ര പരിപാടികൾക്ക് വിട്ടു നൽകാനുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ലക്ഷ്യവും റയൽ മാഡ്രിഡിനുണ്ട്.

അതേസമയം പുതിയ ലാലിഗ സീസണിണിനായുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ്. ഓഗസ്റ്റ് 23ന് എസ്പാനിയോളിനെതിരെയാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം. എതിരാളികളുടെ തട്ടകത്തിൽ ആയിരിക്കും റയൽ മാഡ്രിഡ് ആദ്യ പോരാട്ടത്തിനിറങ്ങുക. നാല് ദിവസങ്ങൾക്ക് ശേഷം ലോസ്‌ ബ്ലാങ്കോസ് സ്വന്തം തട്ടകത്തിലും കളത്തിലിറങ്ങും. റയൽ സോസിഡാഡാണ് ടീമിന്റെ എതിരാളികൾ.

പ്രീ സീസൺ പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്പാനിഷ് വമ്പന്മാർ ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണിലും നഷ്ടപ്പെട്ട ലാ ലിഗ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനായിരിക്കും റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുക. കഴിഞ്ഞ രണ്ട് സീസണുകളിലും ബാഴ്സലോണയായിരുന്നു സ്പാനിഷ് ലീഗ് വിജയിച്ചിരുന്നത്. ഇത്തവണ ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും ഹാട്രിക് ലീഗ് കിരീടമെന്ന ലക്ഷ്യം തടയുകയാവും റയലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

 

Content Highlight: Spanish club Real Madrid changed their home ground name

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.