‘ഞങ്ങള്‍ മുഴുവന്‍ മത്സരങ്ങളും കാണാറുണ്ട്. ധോണി കളിക്കുന്ന സമയം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ജംഷഡ്പൂരില്‍ പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഈ കാര്യം അറിയില്ലായിരുന്നു. സബ കരീം എന്നോട് പറഞ്ഞു. ‘അദ്ദേഹം ധാരാളം സിക്‌സുകള്‍ നേടും’ അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ നേരിട്ട് ഇന്ത്യന്‍ എ ടീമിലേക്ക് തെരഞ്ഞെടുത്തു. എന്റെ ടീമില്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് അദ്ദേഹം ആദ്യത്തെ മത്സരം കളിച്ചത്. അദ്ദേഹം സെഞ്ച്വറികള്‍ നേടി ഗ്രൗണ്ടിന്റെ റൂഫിലേക്ക് സിക്സറുകള്‍ അടിക്കുമായിരുന്നു,’ സൗരവ് ഗാംഗുലി പറഞ്ഞു.
2004ലാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗാംഗുലിക്ക് ശേഷം ഇന്ത്യയുടെ നായകനായും ധോണി മാറി. മൂന്ന് ഫോര്മാറ്റിലെയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ധോണി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.
ഇന്ത്യക്കായി ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ധോണിയാണ്.2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടി ക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.
ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു. 2020ലായിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Content Highlight: Sourav Ganguly talks about MS Dhoni debut incident in Indian cricket team