സോറി കേരളത്തിന് മുഖ്യമന്ത്രിയില്ല; മുഖ്യനയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്
Kerala
സോറി കേരളത്തിന് മുഖ്യമന്ത്രിയില്ല; മുഖ്യനയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്
നിഷാന. വി.വി
Thursday, 14th May 2026, 11:17 am

തൃശൂര്‍: കേരളാ മുഖ്യമന്ത്രിയുടെ വിലാസത്തിലയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് അയച്ച പല കത്തുകളും ആളില്ല എന്ന പേരിലാണ് തപാല്‍ വകുപ്പ് തിരിച്ചയയ്ക്കുന്നത്.

തൃശ്ശൂര്‍ പാവറട്ടി സ്വദേശിയായ സഫ്‌ന അയച്ച പരാതിയാണ് തപാല്‍ വകുപ്പ് തിരിച്ചയച്ചിരിക്കുന്നത്.

തനിക്കും തന്റെ കുട്ടികള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു സഫ്‌ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് കത്തയച്ചത്. എന്നാല്‍ റിട്ടേണ്‍ഡ് എന്ന് മുന്‍ ഭാഗത്തും വിലാസക്കാരന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പിന്‍ ഭാഗത്തും രേഖപ്പെടുത്തിയ രീതിയില്‍ കത്ത് തിരിച്ചയക്കുകയായിരുന്നു.

ബന്ധുക്കളുടെ ഉപദ്രവത്തെ തുടര്‍ന്ന് സഫ്‌ന നേരത്തെ പാവറട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവരുടെ അഭിഭാഷകന്‍ സുജിത്ത് അയിനപ്പുള്ളിയുടെ നിര്‍ദേശ പ്രകാരമായിരുന്നു മുഖ്യമന്ത്രിക്ക് കത്തയച്ചത്.

അതേ സമയം മുഖ്യമന്ത്രിയാരെന്ന് ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.
കേരളം ഒന്നടക്കം മുഖ്യമന്ത്രിയാരെന്നറിയാന്‍ കാത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ കൈവശം യോഗത്തിലെത്തിക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. ദീപാദാസ് മുന്‍ഷിക്ക് പുറമെ, കേന്ദ്ര നിരീക്ഷകരും യോഗത്തില്‍ പങ്കെടുത്തേക്കും.

Content Highlight: Sorry Kerala has no Chief Minister; Postal Department returns letters sent to Chief Minister

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.