'നന്ദി..എന്നെയും കുടുംബത്തെയും ഇത്രനാളും സംരക്ഷിച്ചതിന്'; എസ്.പി.ജി സുരക്ഷ എടുത്തുമാറ്റിയതില്‍ രാഹുലിന് പിന്നാലെ സോണിയയും
national news
'നന്ദി..എന്നെയും കുടുംബത്തെയും ഇത്രനാളും സംരക്ഷിച്ചതിന്'; എസ്.പി.ജി സുരക്ഷ എടുത്തുമാറ്റിയതില്‍ രാഹുലിന് പിന്നാലെ സോണിയയും
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 9:42 pm

ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുമാറ്റിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കേന്ദ്ര തീരുമാനത്തിന് പിന്നാലെ തന്റെ കുടുംബത്തിന് ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി.

എസ്.പി.ജി അധ്യക്ഷന്‍ അരുണ്‍ സിന്‍ഹയോടാണ് സോണിയ നന്ദി പറഞ്ഞത്. കുടുംബത്തിന് സുരക്ഷ നല്‍കാന്‍ എസ്.പി.ജി കാണിച്ച സമര്‍പ്പണത്തിനും ഔചിത്യത്തിനും നന്ദിയെന്നായിരുന്നു സോണിയ പറഞ്ഞത്.

സുരക്ഷയില്‍ കുടുംബത്തിന് വലിയ ധൈര്യവും ആത്മവിശ്വാസവുമായിരുന്നെന്നും സോണിയ പറഞ്ഞു. എസ്.പി.ജിയെ കരുത്തുറ്റ സൈന്യമെന്നാണ് സോണിയ വിശേഷിപ്പിച്ചത്.

സോണിയക്കും രാഹുലിനും പ്രിയങ്കക്കും ഇനി സെഡ് കാറ്റഗറി സുരക്ഷ മാത്രം നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

‘ഞങ്ങളുടെ സുരക്ഷ എസ്.പി.ജി ഏറ്റെടുത്തതുമുതല്‍ എനിക്കും കുടുംബത്തിനുമ വലിയ ധൈര്യവും ആത്മവിശ്വാസവുമാണ് അനുഭവപ്പെട്ടത്. ഞങ്ങള്‍ ഏറ്റവും മികച്ച കൈകളിലായിരുന്നു. ഈ 28 വര്‍ഷത്തിലെ എല്ലാ ദിവസവും എസ്.പി.ജിയുടെ മികച്ച പ്രൊഫഷണലിസവും ജോലിയോടുള്ള സമര്‍പ്പണവും സത്യസന്ധതയുമാണ് ഞങ്ങള്‍ കണ്ടത്’, സോണിയ എസ്.പി.ജിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

‘എസ്.പി.ജി ഒരു മികച്ച സൈന്യമാണ്. അതിലെ ഓരോ വ്യക്തിയും ധൈര്യംകൊണ്ടും ദേശസ്‌നേഹംകൊണ്ടും നിറഞ്ഞവരാണ്. എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ടി, ഞാന്‍ നിങ്ങളെ അതീവ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. നിങ്ങളുടെ സമര്‍പ്പണത്തിനും
ഔചിത്യത്തിനും സഹകരണത്തിനും നന്ദി’, സോണിയ എഴുതി.

തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇത്രനാള്‍ സുരക്ഷ നല്‍കിയ എസ്.പി.ജി അംഗങ്ങള്‍ക്കു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നന്ദി പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വര്‍ഷങ്ങളായി തന്നെയും കുടുംബങ്ങളാംഗങ്ങളെയും സംരക്ഷിക്കാന്‍ അക്ഷീണം പ്രയത്നിച്ച എസ്.പി.ജിയിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും നിരന്തര പിന്തുണയ്ക്കും നന്ദിയെന്നും രാഹുല്‍ കുറിച്ചു. എസ്.പി.ജി അംഗങ്ങള്‍ക്കു മഹത്തായ ഭാവി ആശംസിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത് ഏറെ വിവാദമായിരിക്കുകയാണ്.

ഇനിമുതല്‍ നെഹ്റു കുടുംബത്തിനു പ്രത്യേക പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുക. മൂവരുടേയും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂവരുടേയും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.

നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷയും മോദിസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജിയില്‍നിന്ന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു മന്‍മോഹന്‍ സിങ്ങിനു പിന്നീട് നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. നിലവില്‍ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ