‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ സിനിമയിലെ പല ചെറിയ കാര്യങ്ങളും പ്രേക്ഷകർ വീണ്ടും ശ്രദ്ധിച്ചുതുടങ്ങിയിരിക്കുകയാണ്. അതിനിടെ സോഷ്യൽ മീഡിയയിൽ രസകരമായൊരു സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിന്ദു പണിക്കർ അവതരിപ്പിച്ച ‘കുഞ്ഞാന്റി’ എന്ന കഥാപാത്രം ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഭാഗത്ത് എത്തുന്നുണ്ടെങ്കിലും അവസാനത്തെ ജോയലിന്റെ വിവാഹരംഗത്തിൽ എന്തുകൊണ്ട് കാണുന്നില്ലെന്നാണ് ചിലരുടെ ചോദ്യം.

കുഞ്ഞാന്റിയെ സിനിമയിൽ ആദ്യമായി കാണുന്നത് ബ്രിന്റോയുടെ വിവാഹരംഗത്തിലാണ്. പിന്നീട് ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള പ്രണയബന്ധം മുന്നോട്ടുപോകുന്നതിലും ഈ കഥാപാത്രത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ സിനിമയുടെ അവസാനത്തിൽ ജോയലിന്റെ വിവാഹം നടക്കുമ്പോൾ കുഞ്ഞാന്റിയെ കാണാനില്ല. ഇതാണ് പ്രേക്ഷകരുടെ സംശയത്തിന് കാരണം.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

കുഞ്ഞാന്റി വിദേശത്തുള്ള കന്യാസ്ത്രീയായാണ് സിനിമയിൽ എത്തുന്നത്. ബ്രിന്റോയുടെ വിവാഹം കഴിഞ്ഞ് പോകുമ്പോൾ ‘ഇനി ജസ്റ്റിന്റെ കല്യാണത്തിന് വരാം’ എന്ന തരത്തിൽ കുഞ്ഞാന്റി പറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജസ്റ്റിന്റെ വിവാഹമല്ലല്ലോ അതിന് അന്ന് അവർ വരും എന്നും പറയുന്നവരുണ്ട്.

കുഞ്ഞാന്റി എന്തുകൊണ്ട് വിവാഹത്തിന് എത്തിയില്ലെന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ഉത്തരങ്ങളാണ് വരുന്നത്. സിസ്റ്റർക്ക് അവധി ലഭിക്കാത്തതാകാം, വിദേശത്തായതിനാൽ എത്താൻ കഴിയാതിരുന്നതാകാം, അല്ലെങ്കിൽ കന്യാസ്ത്രീകൾ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാറില്ല എന്നതാകാം കാരണമെന്നൊക്കെയാണ് ചില കമന്റുകൾ. അതേസമയം ‘ജയിലിലായിപ്പോയി’, ‘ടിക്കറ്റ് കിട്ടിയില്ല’, ‘കല്യാണത്തിന് വിളിച്ചില്ല’ എന്നിങ്ങനെ തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ഉത്തരങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

എന്നാൽ ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായൊരു വിശദീകരണം മറ്റൊന്നാണ്. കുഞ്ഞാന്റിയെ സിനിമയിൽ കൊണ്ടുവന്നതുതന്നെ കഥയിലെ ഒരു പ്രത്യേക ആവശ്യത്തിനായിരുന്നുവെന്നാണ് ഈ വാദം. ജസ്റ്റിനും ആഷ്‌ലിയും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കുന്നതിനും ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കഥാപാത്രമായും കുഞ്ഞാന്റിക്ക് സിനിമയിൽ നിർണായകമായൊരു ജോലി ഉണ്ടായിരുന്നു. ആ ഭാഗം കഴിഞ്ഞതോടെ കഥയിൽ പിന്നീട് ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ലാത്തതിനാലാണ് അവസാനത്തെ വിവാഹരംഗത്തിൽ കുഞ്ഞാന്റിയെ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഈ വിശദീകരണം.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

അങ്ങനെയെങ്കിൽ ‘കുഞ്ഞാന്റിയെ സംവിധായകൻ മറന്നുപോയതാണോ?’ എന്ന ചോദ്യത്തിന് പകരം, കഥാപാത്രത്തിന് കഥയിൽ ആവശ്യമുള്ള ഭാഗം പൂർത്തിയായതുകൊണ്ട് അവിടെത്തന്നെ അവസാനിപ്പിച്ചതാകാമെന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. എന്തായാലും ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും പ്രേക്ഷകർ ഇത്ര സൂക്ഷ്മമായി പരിശോധിക്കുകയും അതിന് സ്വന്തം ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇപ്പോഴും ചർച്ചകളിൽ തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

Content Highlight: Social media says Bindu Panicker’s role in ‘Bethlehem Kudumba Unit’ is more than just a cameo.