വിക്രമിന് ധ്രുവ നച്ചത്തിരമാണെങ്കില്‍ നിവിന് ഈ സിനിമ, വര്‍ഷങ്ങളായി പെട്ടിയില്‍ കിടക്കുന്ന ചിത്രത്തെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ
Indian Cinema
വിക്രമിന് ധ്രുവ നച്ചത്തിരമാണെങ്കില്‍ നിവിന് ഈ സിനിമ, വര്‍ഷങ്ങളായി പെട്ടിയില്‍ കിടക്കുന്ന ചിത്രത്തെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 16th February 2026, 8:36 am

സിനിമാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ വലിയൊരു ആഗ്രഹമാണ് ധ്രുവ നച്ചത്തിരം എന്ന ചിത്രം തിയേറ്ററില്‍ നിന്ന് കാണുക എന്നത്. ഒമ്പത് വര്‍ഷത്തിന് മുകളിലായി ധ്രുവ നച്ചത്തിരത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും ഇക്കാര്യത്തില്‍ വിശ്വാസം വന്നിട്ടില്ല.

വിക്രമിന് ധ്രുവ നച്ചത്തിരം പോലെ നിവിന്‍ പോളിക്കും ഒരു സിനിമയുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നാല് വര്‍ഷത്തിനടുത്തായി റിലീസാകാതെ പെട്ടിയില്‍ കിടക്കുന്ന ഒരു സിനിമ നിവിന്‍ പോളിക്ക് ഉണ്ടെന്ന് പറയുന്ന പോസ്റ്റ് പലരുടെയും ശ്രദ്ധ സ്വന്തമാക്കിക്കഴിഞ്ഞു.

റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടല്‍ ഏഴ് മലൈ റിലീസാകാതെ ഇരിക്കുകയാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് സിജോ ജോയ് എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. പലരും ഇങ്ങനെയൊരു സിനിമയുണ്ടെന്ന കാര്യം മറന്നെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. 2022ലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നിവിന്‍ പോളിക്ക് പുറമെ സൂരിയും ഏഴ് കടല്‍ ഏഴ് മലൈയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2022ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ സ്റ്റാന്‍ഡിങ് ഒവേഷന്‍ കിട്ടിയ ചിത്രമാണിത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും രണ്ട് ടീസറുമാണ് ഇതുവരെ പുറത്തിറങ്ങിയത്. എന്നാല്‍ ഇതിലൊന്നും ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉണ്ടായിരുന്നില്ല.

ഏഴ് കടല്‍ ഏഴ് മലൈ Photo: Think Music

തന്റെ പ്രണയം സഫലീകരിക്കാന്‍ കാലങ്ങള്‍ കടന്ന് യാത്ര ചെയ്യുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. നിവിനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ഏഴ് കടല്‍ ഏഴ് മലൈയിലേതെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. ഏഴ് കടല്‍ ഏഴ് മലൈക്ക് ശേഷം നിവിന്റേതായി നാല് സിനിമകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സൂരിയാകട്ടെ ഈ ചിത്രത്തിന് ശേഷം നാലമത്തെ പ്രൊജക്ടിലേക്ക് കടന്നിരിക്കുകയാണ്. റാമും ഇതിന് ശേഷം ഒരു സിനിമ സംവിധാനം ചെയ്ത് പുറത്തിറക്കി. അപ്പോഴും ഏഴ് കടല്‍ ഏഴ് മലൈ വെളിച്ചം കാണാതിരിക്കുകയാണ്.

ഏഴ് കടല്‍ ഏഴ് മലൈ Photo: Screen grab/ Think Music

ധ്രുവ നച്ചത്തിരം പോലെ ഒരുപാട് കാലം പെട്ടിയില്‍ കിടക്കേണ്ട അവസ്ഥ ഏഴ് കടല്‍ ഏഴ് മലൈക്ക് ഉണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഷൂട്ട് തീര്‍ന്ന സമയത്ത് പറഞ്ഞ ഓഫറല്ല ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇപ്പോള്‍ പറയുന്നതെന്നും അക്കാരണം കൊണ്ടാണ് റിലീസ് വൈകുന്നതെന്നും നിര്‍മാതാവ് സുരേഷ് കാമാച്ചി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Social Media remembering Nivin Pauly’s Yezhu Kadal Yezhu Malai didn’t released yet

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം