ഭോപാല്‍: സത്യം തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്താനാണ് പൊലീസും ഭരണകൂടവും ശ്രമിക്കുന്നതെന്ന് കണ്ടന്റ് ക്രിയേറ്റര്‍ കാവ്യ കര്‍ണാടിക്. സാംക്രമികരോഗങ്ങള്‍ ബാധിച്ച് 25ലേറെ കുട്ടികള്‍ മരിച്ച ബാലഘട്ടിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സത്യം വെളിപ്പെടുത്താന്‍ എത്തിയതായിരുന്നു കാവ്യ.
കെകെ ക്രിയേറ്റ് (kk.create) എന്ന തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് കാവ്യ പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
‘പൊലീസുകാര്‍ ഹോട്ടല്‍ റെക്കോഡുകള്‍ പരിശോധിച്ച് ദല്‍ഹിയില്‍ നിന്നും വന്ന റിപ്പോര്‍ട്ടര്‍മാരെ ഓരോരുത്തരെ ആയി വിളിച്ചിറക്കി. സത്യം തുറന്നുകാട്ടാന്‍ ശ്രമിക്കുന്നതിന് ഞങ്ങള്‍ നല്‍കേണ്ടി വരുന്ന വില’, കാവ്യയുടെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
മൂന്ന് ദിവസത്തേക്കാണ് മധ്യപ്രദേശില്‍ അവര്‍ ഹോട്ടലില്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ റൂം ഒഴിയാന്‍ ഉടമകള്‍ ആവശ്യപ്പെട്ടു. ഫാമിലി ഫങ്ക്ഷന്‍ ഉണ്ടെന്നാണ് ഉടമകള്‍ നല്‍കിയ കാരണം. സംശയം തോന്നിയെങ്കിലും അവര്‍ മുറിയൊഴിഞ്ഞ് കൊടുത്തു.
എന്നാല്‍ വീണ്ടും മറ്റൊരു ഹോട്ടല്‍ ബുക്ക് ചെയ്‌തെങ്കിലും അവിടെയും ഒരു രാത്രികൊണ്ട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടെന്ന് അവര്‍ പറയുന്നു.
‘പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്, ശിശുമരണങ്ങള്‍ നടന്ന ബാലഘട്ടില്‍ സത്യം മറച്ചുവെക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. മലേറിയ, അഞ്ചാംപനി, പോഷകാഹാരക്കുറവ് തുടങ്ങിയ രോഗങ്ങള്‍ മൂലം 25ലധികം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.അവിടെ ആളുകള്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു’, കാവ്യ പറയുന്നു.
മികച്ച ആരോഗ്യസംവിധാനങ്ങള്‍ക്കും ഉത്തരവാദിത്തമുള്ള ഭരണസംവിധാനങ്ങള്‍ക്കുമായി പോരാടുകയായിരുന്ന അവരെ പുറംലോകത്തെ കാണിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് കാവ്യ പറയുന്നു.
‘ഇന്ത്യയുടെ ഈ വശം കൂടി ആളുകളെ കാണിക്കുക എന്നത് പ്രധാനമാണ് എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ അങ്ങോട്ട് പോയത്. എന്നാല്‍ സത്യത്തില്‍ എനിക്ക് ഭയമായിരുന്നു. ആരോ എന്നെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ ആധാര്‍ വിവരങ്ങള്‍ പോലീസിന്റെ കൈവശമുണ്ടായിരുന്നു’, കാവ്യ കുറിപ്പില്‍ പറയുന്നു.
ഗ്രാമീണരുടെ ആരോഗ്യത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഇത്തരം സംവിധാനങ്ങളും അടിയന്തരനടപടികളും ഉപയോഗിക്കാതെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിക്കുന്നതെന്ന് കാവ്യ പറയുന്നു.
ശുദ്ധമായ ജലമോ പോഷകാഹാരമോ ആരോഗ്യസംവിധാനങ്ങളോ ബാലഘട്ടില്‍ ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ രംഗത്തെത്തിയതോടെയാണ് പ്രദേശം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്.
Content Highlight: Social media influencer accuses MP police for threatening reporters and trying to hide the truth on Balghat child deaths.
