ഏപ്രിലില്‍ ദൃശ്യം 3 പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ നടക്കുന്ന യുദ്ധവും കേരളത്തിലെ തെരഞ്ഞെടുപ്പും കളക്ഷനെ ബാധിച്ചേക്കുമെന്ന് കരുതിയാണ് റിലീസ് മാറ്റിയത്. ഏപ്രില്‍ രണ്ടിന് പകരം മെയ് 21ലേക്കാണ് റിലീസ് മാറ്റിയത്.

എന്നാല്‍ ദൃശ്യം 3ക്ക് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞദിവസം നിര്‍മാതാക്കള്‍ അറിയിച്ചു. ഏപ്രില്‍ 10നാണ് ദൃശ്യം 2ന്റെ തിയേറ്റര്‍ റിലീസ്. ഒ.ടി.ടിയിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. 2022ല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്റര്‍ റിലീസില്ലാത്തതിനാല്‍ ആരാധകരില്‍ ചിലര്‍ നിരാശരായിരുന്നു.

എന്നാല്‍ ചിത്രത്തിന് കേരളത്തിന് പുറത്ത് വലിയ റീച്ചായിരുന്നു ദൃശ്യം 2ന് ലഭിച്ചത്. സ്ലോ ബേണ്‍ ത്രില്ലറായ ചിത്രം അവസാനത്തെ 20 മിനിറ്റില്‍ കത്തിക്കയറുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ദൃശ്യം 2 തിയേറ്ററുകളിലെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. തിയേറ്റര്‍ റിലീസില്‍ ദൃശ്യം 2ന് മുന്നേറാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇതിന് പ്രധാനമായും എടുത്തുപറയുന്ന കാരണം ചിത്രത്തിന്റെ മേക്കിങ്ങാണ്. ഗംഭീര സ്‌ക്രിപ്റ്റായിരുന്നിട്ട് കൂടി സീരിയല്‍ ലെവല്‍ മേക്കിങ്ങാണ് ദൃശ്യത്തിന്റേതെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. സീരിയസായിട്ടുള്ള പല രംഗങ്ങളും അലസമായി ഷൂട്ട് ചെയ്‌തെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളില്‍ പലരും അമച്വര്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്നും റിലീസ് സമയത്ത് തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇത്തരമൊരു ചിത്രം തിയേറ്ററിര്‍ റീ റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷകളൊന്നുമില്ലെന്നും ദൃശ്യം 3യുടെ ഹൈപ്പ് കാരണം ആരെങ്കിലും പോയി കണ്ടാല്‍ മാത്രമേ കാര്യമുള്ളൂവെന്നും കമന്റുകളുണ്ട്. ദൃശ്യം 2ന് പകരം മോഹന്‍ലാലിന്റെ മറ്റൊരു ഒ.ടി.ടി റിലീസായിരുന്ന ബ്രോ ഡാഡി തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ഗംഭീരമാകുള്ളൂവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഏപ്രിലില്‍ നിന്ന് മെയ് മാസത്തിലേക്ക് റിലീസ് മാറ്റിയത് ദൃശ്യം 3ക്ക് ഗുണം ചെയ്യുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. ബക്രീദ് അവധിയടക്കം നീണ്ട വീക്കെന്‍ഡായതിനാല്‍ ആദ്യ വാരം ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിക്കുകയെന്നാണ് പലരും കണക്കുകൂട്ടുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ റിലീസ് ആരാധകര്‍ ആഘോഷമാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Social Media discussion on Drishyam 2 theatre release