ഈ കൊള്ള അനുവദിക്കരുത്; പണം പിടിച്ചുവെച്ച ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം: ഫിറോസിന് പിന്തുണ
Social Tracker
ഈ കൊള്ള അനുവദിക്കരുത്; പണം പിടിച്ചുവെച്ച ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം: ഫിറോസിന് പിന്തുണ
ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 9:39 am

പാലക്കാട്: സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വാഹനപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം പിടിച്ചു വെച്ച ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധം. ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു തരുന്നില്ലെന്ന ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെയാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

#Boycott_bank_of_india #support firoz kunnamparambil എന്നീ ഹാഷ്ടാഗുകളിലായി നിരവധി പേരാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം നിങ്ങള്‍ക്ക് കക്കാന്‍ പോയിക്കൂടെ’ എന്നും എത്രയും വേഗം പണം തിരിച്ച് കൊടുത്തില്ലെങ്കില്‍ ബാങ്ക് പൂട്ടിക്കുമെന്നും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ഭീണപ്പെടുത്തുന്നവരുമുണ്ട്.

‘ഈ കൊള്ള അനുവദിക്കാന്‍പാടില്ല, വാഹന അപകടത്തില്‍ പെട്ട് മരണത്തോട് പൊരുതി കൊണ്ടിരിക്കുന്ന 3 കുട്ടികള്‍ക്ക് വന്ന ഒരു കോടി പതിനേഴ് ലക്ഷം രൂപ തടഞ്ഞു വച്ച് ചികില്‍സ തടസപ്പെടുത്തിയ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ്#പ്രതിഷേധിക്കുക, #പ്രതികരിക്കുക’ തുടങ്ങിയ ഹാഷ്ടാഗുകളിലായി ഫേസ്ബുക്കിലും ബാങ്ക് ഓഫ് ഇന്ത്യയുടെ പേജിലും മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

റംസാനില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടിയത്. ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നത്. ഇതിന് ശേഷം ബാങ്ക് പണം അനുവദിച്ചിട്ടില്ല. സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്നായിരുന്നു ഫിറോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത്.

ആദ്യം കുട്ടികളുടെ ഉമ്മയുടെ പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഇത്രയും വലിയ തുക വന്നത് കൊണ്ട് മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിന്‍വലിക്കാനായി ചെക്ക് ചോദിച്ചപ്പോള്‍ ചെക്ക് തന്നില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, പിന്നീട് അഡ്വക്കേറ്റുമായി സംസാരിച്ചപ്പോള്‍ വിത്‌ഡ്രോവല്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞു. അതിന് ശേഷം ആറു ദിവസമായെന്നും ഇതുവരെ തീരുമാനമായില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.