ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വോട്ട് മോഷണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. വോട്ട് മോഷണത്തിനെതിരെ ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇന്ത്യ മുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

വോട്ട് മോഷണത്തിനെതിരെ നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി ദല്‍ഹിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ഇതിന് പുറമെ ഈ വിഷയത്തില്‍ അഞ്ച് മഹാ റാലികള്‍ സംഘടിപ്പിക്കാനും ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ വോട്ടവകാശവും മറ്റ് ഭരണഘടനാപരമായ അവകാശങ്ങളും കവര്‍ന്നെടുക്കുന്നത് എന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് ഈ റാലികളെന്നും ഖാര്‍ഗെ പറഞ്ഞു.

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സേവ് ഡെമോക്രസി റാലി സംഘടിപ്പിക്കാനും ഇന്ത്യ സഖ്യം യോഗത്തില്‍ തീരുമാനിച്ചു. എസ്.ഐ.ആറിലെ ക്രമക്കേടുകള്‍ക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുമുള്ള പ്രക്ഷോഭ പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായാണ് ഇന്ത്യ മുന്നണി ഘടക കക്ഷികള്‍ ന്യൂദല്‍ഹിയില്‍ യോഗം ചേര്‍ന്നത്.

ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഇന്ത്യ മുന്നണി ഉന്നയിക്കുന്നു. ഈ ആവശ്യത്തില്‍ ഇന്ത്യ മുന്നണിയിലെ എല്ലാ നേതാക്കള്‍ക്കും യോജിപ്പാണെന്ന ഖാര്‍ഗെ അറിയിച്ചു. തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ഈ നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടിങ് മെഷീനുകള്‍ ബിജെപിക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന യന്ത്രങ്ങളാണ്. അതിനാല്‍ ഇനി ഇവ ഉപയോഗിക്കാന്‍ അവരെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് മാപ്പുസാക്ഷിയാകണം

വോട്ടര്‍ പട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ മാപ്പുസാക്ഷിയാകണമെന്നും ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതായി ഖാര്‍ഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ യഥാര്‍ത്ഥ മുഖം പൂര്‍ണമായും വെളിപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ ഇടപെടുന്ന ശക്തികള്‍ക്കെതിരെ ഗ്യാനേഷ് മാപ്പുസാക്ഷി ആയി മാറണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

‘അദ്ദേഹത്തിന്റെ കൂടെയുള്ള മറ്റ് രണ്ട് അംഗങ്ങള്‍ പത്ത് മാസത്തിനിടെ 14 തവണ കത്തുകള്‍ എഴുതിയിട്ടുണ്ട്! ഇത് അദ്ദേഹത്തിന്റെ സത്യസന്ധതയെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യുന്നു.

അതിനാല്‍, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. ഭരണഘടനാപരമോ ധാര്‍മികമോ ആയ ബോധം അല്പമെങ്കിലും അദ്ദേഹത്തിനുണ്ടെങ്കില്‍, അദ്ദേഹം സ്വയം രാജിവയ്ക്കുകയും വോട്ടര്‍ പട്ടികയില്‍ ഇടപെടുന്ന ശക്തികള്‍ക്കെതിരെ മാപ്പുസാക്ഷിയായി മാറുകയും ചെയ്യും,’ ഖാര്‍ഗെ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യത്തില്‍ സുതാര്യതയ്ക്ക് പകരം രഹസ്യസ്വഭാവം കൊണ്ടുവരാന്‍ പ്രതിപക്ഷ സഖ്യം അനുവദിക്കില്ല. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ ‘ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം’ എന്നത് ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല എന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി എന്നിവരും എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, എന്‍.സി.പി(എസ്.പി), ശിവസേന (യു.ബി.ടി) തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു. സ്വതന്ത്ര രാജ്യസഭാ എം.പിയായ കപില്‍ സിബലും യോഗത്തില്‍ പങ്കെടുത്തു.

എസ്.ഐ.ആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കണം

ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ക്കായി എസ്.ഐ.ആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെടണമെന്ന് ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ പൂര്‍ണമായ സുതാര്യതക്ക് ആവശ്യപ്പെടണം. പേരുകള്‍ ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, തിരുത്തലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രക്രിയകളിലും ഈ സുതാര്യത വേണം. വോട്ടര്‍ പട്ടിക പുതുക്കുന്ന ഓരോ ഘട്ടത്തിലും ‘പൂര്‍ണ സുതാര്യത’ ഉറപ്പാക്കണമെന്ന് ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നിയമാനുസൃതമായ ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ് കൃത്യമായ അറിയിപ്പു നല്‍കുകയും കാരണങ്ങള്‍ അറിയിക്കുകയും വേണം. ഇക്കാര്യത്തില്‍ ഫലപ്രദമായ അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഭരണപരമായ വീഴ്ചകളോ മതിയായ രേഖകള്‍ ഇല്ലാത്തതിനാലോ ഈ പ്രക്രിയയുമായി ബന്ധപ്പെട്ട ധാരണക്കുറവ് കാരണമോ അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: SIR, EVM: INDIA Bloc Announce Protest Against Vote Theft- Demands Resignation of Gyanesh Kumar