മിന്നും പ്രകടനമാണ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി പുറത്തെടുത്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തില്‍ ഓപ്പണര്‍മാര്‍ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനാണ് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്.

നാല് ബൗണ്ടറിയും ഏഴ് സിക്സറുമായിരുന്നു താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. 93 റണ്‍സിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ വിജയത്തില്‍ താന്‍ സന്തുഷ്ടനായിരുന്നു എന്നാണ് കിഷന്‍ പറഞ്ഞത്.

സമാനമായ രീതിയില്‍ തന്നെയായിരുന്നു ടീമിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ബാറ്ററുടെ ഇന്നിങ്ങ്‌സിനോട് പ്രതികരിച്ചത്. സെഞ്ച്വറി നേടിയില്ലെങ്കിലും താരത്തിന്റെ പ്രകടനം ഏറെ മികച്ചുനിന്നുവെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അല്‍പം വ്യത്യസ്തമായിരുന്നു താരത്തിന്റെ അഭിനന്ദന പ്രകടനം.

വിക്രം വേദ സിനിമയിലെ വേദ എന്ന കഥാപാത്രവും അനിയനും തമ്മിലുള്ള രംഗം ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ഗില്‍ ഇഷാനെ അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘വെല്‍ പ്ലെയ്ഡ് മൈ ശതക്’ എന്ന വിക്രം വേദയിലെ ഡയലോഗും ഇതിനൊപ്പം ഗില്‍ ചേര്‍ത്തിട്ടുണ്ട്.

ഹൃത്വിക് റോഷന്‍ വേദയായി എത്തിയപ്പോള്‍ രോഹിത് സറഫായിരുന്നു ചിത്രത്തില്‍ ശതക് എന്ന അനിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗില്ലിന്റെ വീഡിയോക്ക് താഴെ കമന്റുമായി ഹൃത്വിക് റോഷനും രോഹിതും പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഇമോജികളുമായി എത്തി.

വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി ആരാധകരും അണി നിരന്നിട്ടുണ്ട്. ക്രിക്കറ്റ് ആരാധകരും സിനിമാപ്രേമികളും ഒന്നിച്ചെത്തിയാണ് ഇപ്പോള്‍ കമന്റ് ബോക്‌സ് ആഘോഷമാക്കുന്നത്.

അതേസമയം തന്റെ ഇന്നിങ്‌സിലെ സ്‌ട്രൈക്ക് റൊട്ടേഷനെ കുറിച്ചുയര്‍ന്ന ചോദ്യത്തോടുള്ള ഇഷാന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.