പിന്നേ, അവനെ വിട്ട് കൊടുക്കാൻ എനിക്ക് വട്ടല്ലേ; 'അത്ഭുത പയ്യനെ' റാഞ്ചാനൊരുങ്ങി മുൻനിര ക്ലബ്ബുകൾ; താരം വില്പനക്കുള്ളതല്ലെന്ന് വ്യക്തമാക്കി ബയേൺ മ്യൂണിക്ക്
DSport
പിന്നേ, അവനെ വിട്ട് കൊടുക്കാൻ എനിക്ക് വട്ടല്ലേ; 'അത്ഭുത പയ്യനെ' റാഞ്ചാനൊരുങ്ങി മുൻനിര ക്ലബ്ബുകൾ; താരം വില്പനക്കുള്ളതല്ലെന്ന് വ്യക്തമാക്കി ബയേൺ മ്യൂണിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th October 2022, 7:41 pm

ട്രാൻസ്ഫർ സീസണടുക്കുമ്പോൾ താരങ്ങൾക്ക് വേണ്ടി ക്ലബ്ബുകൾ മൽപ്പിടിത്തം നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ ജമാൽ മുസിയാലക്ക് വേണ്ടി ക്ലബ്ബുകൾ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഫുട്‌ബോൾ ലോകത്ത്.

ബയേണിന്റെ ആക്രമണകാരിയായ ജമാൽ മുസിയാലക്ക് വേണ്ടി നീക്കം നടത്താൻ മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യ പരിശീലകൻ പെപ് ഗ്വാർഡിയോള തന്റെ ക്ലബ്ബിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. തൊട്ടു പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും താരത്തിന് വേണ്ടി നീക്കം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

2019ലാണ് താരം ചെൽസിയിൽ നിന്ന് ബയേണിലേക്ക് ചേക്കേറുന്നത്. ഈ സീസണിൽ ജർമൻ ചാമ്പ്യൻമാർക്കായി മികച്ച പ്രകടനമാണ് 19കാരൻ പുറത്തെടുക്കുന്നത്. കരാർ അവസാനിക്കാൻ നാല് വർഷം ബാക്കി നിൽക്കെയണ് മുൻ നിര ക്ലബ്ബുകൾ മുസിലായെ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമറിയിച്ചിരിക്കുകയാണ് ബയേൺ മ്യൂണിക്ക് സ്‌പോർട്ടിങ് ഡയറക്ടർ ഹസൻ സാലിഹാ മിദ്‌സിക്. മുസിലായെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും താരത്തെ വിൽപനക്ക് വെച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

”മൂന്ന് വർഷം മുമ്പാണ് ജമാൽ മുസിലായെ ഞങ്ങൾ ക്ലബ്ബിലെത്തിച്ചത്. താരം ഇന്ന് കാണുന്ന നിലയിൽ പരുവപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ്
ബയേണിന്റെ സ്റ്റാഫുകൾക്കും കളിക്കാർക്കുമാണ്. മുസിലാ മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. അവൻ ബയേണിന്റെ അത്ഭുത പയ്യനാണ്. ദീർഘകാലം അവൻ ബയേണിന് വേണ്ടി കളിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്, അല്ലാതെ അവനെ വില്പനക്ക് വെച്ചിട്ടില്ല. താരത്തെ വിട്ടുകൊടുക്കുന്നതിനെ പറ്റി ചിന്തിക്കണമെങ്കിൽ ഞാനൊരു ഭ്രാന്തനായിരിക്കണം,” ഹസൻ സാലിഹാ മിദ്‌സക് വ്യക്തമാക്കി.

അതേസമയം താൻ ബയേണിൽ സന്തുഷ്ടനാണെന്നും അവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മുസിലാ പറഞ്ഞു. ഏഴ് വർഷങ്ങൾക്കപ്പുറം എന്ത് സംഭവിക്കുമെന്നറിയില്ലെന്നും ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് വർഷം ചെൽസിയയിൽ ചിലവഴിച്ച മുസിലാ തന്റെ 16ാം വയസിലാണ് ബയേണിലെത്തുന്നത്. 13 മത്സരങ്ങളിൽ നിന്ന് ഏഴ് തവണ സ്‌കോർ ചെയ്യുകയും എട്ട് അസിസ്റ്റുകളും നേടിയ താരം ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നീ കിരീടങ്ങൾ നേടുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടുമായി നടന്ന മത്സരത്തിൽ (2-2) താരം രണ്ട് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

Content Highlights: Football Clubs keen to bring Jamal Musiala to Manchester City, Bayern Munich declines rumor