വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര കൈപിടിയിലാക്കിയത്. അവസാനമത്സരത്തിൽ വിൻഡീസിന്റെ തിരിച്ചുവരവാണ് കാണാൻ കഴിഞ്ഞത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി നേട്ടത്തോടെയാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ അഭിമാന വിജയം സ്വന്തമാക്കിയത്.

പരമ്പരയിൽ ഇന്ത്യക്കായി തിളങ്ങിയത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി 334 റൺസാണ് ഗിൽ നേടിയത്. ആദ്യ മത്സരത്തിൽ 110 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ 159 പന്തിൽ 223 റൺസ് നേടി ഏകദിനത്തിലെ തന്റെ ആദ്യ ഡബിൾ സെഞ്ചുറിയും സ്വന്തമാക്കി.

ശുഭ്മൻ ഗിൽ

അവസാന മത്സരത്തിൽ വലിയ സ്കോർ നേടാനാകാതെ മടങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലെ തകർപ്പൻ പ്രകടനം ഗില്ലിന് പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. പുരസ്‌കാരത്തിനൊപ്പം മറ്റൊരു ചരിത്രനേട്ടം കൂടെ ഗില്ലിന് സ്വന്തമായി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ നേടിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. ഏഴുതവണ പ്ലെയർ ഓഫ് ദി സീരീസായ ഗിൽ ഇന്ത്യൻ ഇതിഹാസങ്ങളായ യുവരാജ് സിങ്, സൗരവ് ഗാംഗുലി, എം.എസ്. ധോണി എന്നിവരൊപ്പമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ നേടിയ ഇന്ത്യൻ താരങ്ങൾ
(താരം, എത്ര തവണ എന്നീ ക്രമത്തിൽ)

സച്ചിൻ ടെണ്ടുൽക്കർ – 15

വിരാട് കോഹ്‌ലി – 12

ശുഭ്മൻ ഗിൽ – 7

യുവരാജ് സിങ് – 7

സൗരവ് ഗാംഗുലി – 7

എം.എസ്. ധോണി – 7

രോഹിത് ശർമ്മ – 7

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഷായി ഹോപ്പാണ്. 143 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 162 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ വിന്‍ഡീസിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചത് ഹോപ്പാണ്. താരത്തിന് പുറമെ ആമിര്‍ ജാന്‍ഗോ 56 പന്തില്‍ 67 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കീമോ പോള്‍ 44 റണ്‍സും നേടിയിരുന്നു.

 

Content Highlights: Shubman Gill got Player of the series in 7 times