ഇന്ത്യന്‍ ടീമിലെ നിര്‍ഭാഗ്യവാനായ താരമാണ് അവന്‍: ഗില്‍
Cricket
ഇന്ത്യന്‍ ടീമിലെ നിര്‍ഭാഗ്യവാനായ താരമാണ് അവന്‍: ഗില്‍
സുദേവ് എ
Sunday, 21st June 2026, 12:00 pm

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ചെപ്പോക്കില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 218 റണ്‍സിന് പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 128 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

യശസ്വി ജെയ്സ്വാളിന്റെയും രോഹിത് ശര്‍മയുടെയും കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. മത്സരശേഷം ജെയ്സ്വാളിന്റെ മികച്ച പ്രകടനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പ്രശംസിച്ചിരുന്നു. ഏകദിന ടീമില്‍ അവസരം ലഭിക്കാതെ പോവുന്ന നിര്‍ഭാഗ്യവാനായ താരമാണ് ജെയ്സ്വാളെന്നാണ് ഗില്‍ പറഞ്ഞത്. അവസരം ലഭിക്കുമ്പോഴെല്ലാം ജെയ്സ്വാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഗില്‍ വ്യക്തമാക്കി.

‘അവന്‍ ഒരു അസാധാരണ താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ താരങ്ങളും ടീമില്‍ ഉണ്ടാവുമ്പോള്‍ അവസരം ലഭിക്കാതെ പോവുന്ന നിര്‍ഭാഗ്യവാനായ താരമാണ് അവന്‍. ഈ പരമ്പരയില്‍ അവന് രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചു. ഈ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇനിയും ഇതേ രീതിയില്‍ കളിച്ചുകൊണ്ട് ലഭിക്കുന്ന അവസരങ്ങള്‍ മികച്ച രീതിയില്‍ അവന്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.

മത്സരത്തില്‍ ജെയ്സ്വാള്‍ 86 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. 14 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്. രോഹിത് 69 പന്തില്‍ 79 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി. ജെയ്സ്വാളും രോഹിത്തും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത് 170 റണ്‍സാണ്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ തുടക്കം തന്നെ പതറിയിരുന്നു. നാലിന് 36 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ടീമിനെ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിd-അസ്മത്തുല്ല ഒമര്‍സായ് കൂട്ടുകെട്ടാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ഇതിനിടയില്‍ 23 പന്തില്‍ 21 റണ്‍സ് മുഹമ്മദ് നബിയും സംഭാവന ചെയ്തു. അതോടെ അഫ്ഗാന്‍ 218 റണ്‍സിലെത്തി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

 

Content Highlight: Shubhman Gill talks about Yashasvi Jaiswal performance for India

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.