ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ഗല്ലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 37 പന്തുകളില്‍ നിന്നും 32 റണ്‍സ് നേടിയ യശ്വസി ജെയ്സ്വാള്‍ ആണ് മടങ്ങിയത്. റണ്‍ ഔട്ടായാണ് ജെയ്സ്വാള്‍ തിരിച്ചുനടന്നത്. നിലവില്‍ മത്സരം മഴമൂലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
35 റണ്‍സുമായി ദേവദത്ത് പടിക്കലും 32 റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസിലുള്ളത്. മത്സരം നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്.
ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഗില്‍. 2017ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചിരുന്നത്. വിരാട് കോഹ്ലിയുടെ കീഴിലായിരുന്നു ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് കളിച്ചത്. 2015ലും വിരാടിന്റെ കീഴില്‍ ഇന്ത്യന്‍ സംഘം ശ്രീലങ്കയില്‍ പരമ്പര കളിച്ചു.
രണ്ട് തവണ ലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യന്‍ ക്യാപ്റ്റനും കോഹ്ലി തന്നെയാണ്. കപില്‍ ദേവ്(1985), മുഹമ്മദ് അസറുദ്ദിന്‍(1993), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1997), സൗരവ് ഗാംഗുലി(2001), അനില്‍ കുംബ്ലെ(2008), എം.എസ് ധോണി(2010) എന്നീ ക്യാപ്റ്റന്മാരും ലങ്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെയേറെ സ്‌പെഷ്യലാണ്. ടെസ്റ്റില്‍ തങ്ങളുടെ 600ാം മത്സരമാണ് ഇന്ത്യ ഗല്ലെയില്‍ കളിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് 600 ടെസ്റ്റുകള്‍ കളിച്ചത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും.
ഇംഗ്ലണ്ട് 1097 ടെസ്റ്റുകളും കങ്കാരുക്കള്‍ 883 ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ചരിത്ര ലിസ്റ്റിലേക്ക് ഇന്ത്യയും തങ്ങളുടെ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.