ധോണിയും രോഹിത്തും ഏറെ പിന്നില്‍; ഈ സിംഹാസനം ശ്രേയസിന് സ്വന്തം!
Cricket
ധോണിയും രോഹിത്തും ഏറെ പിന്നില്‍; ഈ സിംഹാസനം ശ്രേയസിന് സ്വന്തം!
ഫസീഹ പി.സി.
Wednesday, 1st April 2026, 5:32 pm

ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് തങ്ങളുടെ ഐ.പി.എല്‍ 2026 യാത്ര ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍3 വിക്കറ്റിന്റെ വിജയമാണ് ടീം നേടിയെടുത്തത്.

ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച്പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയുടെ കരുത്തിലായിരുന്നു ശ്രേയസിന്റെയും കൂട്ടരുടെയും വിജയം.

ശ്രേയസ് അയ്യർ. Photo: Crictracker

ഈ വിജയത്തോടെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റനാവാനാണ് പഞ്ചാബ് സ്‌കിപ്പര്‍ക്ക് സാധിച്ചത്. 59.30 ആണ് താരത്തിന്റെ വിജയശതമാനം.

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ശ്രേയസിന്റെ നേട്ടം. ഹര്‍ദിക്കിന് 59.01 ആണ് വിജയശതമാനം. ഐ.പി.എല്ലില്‍ ക്യാപ്റ്റന്മാരായി ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയിട്ടുള്ള രോഹിത് ശര്‍മയും എം.എസ് ധോണിയുമെല്ലാം ഈ ലിസ്റ്റില്‍ ഏറെ പിന്നിലാണ്. ധോണി നാലാമതും രോഹിത് ആറാമതുമാണ്.

ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ഐ.പി.എല്‍ ക്യാപ്റ്റന്മാര്‍ (കുറഞ്ഞത് 50 മത്സരങ്ങള്‍)

(വിജയശതമാനം – ക്യാപ്റ്റന്‍ – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

59.30 – ശ്രേയസ് അയ്യര്‍ – 86

59.01 – ഹര്‍ദിക് പാണ്ഡ്യ – 61

58.82 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 51

58.36 – എം. എസ്. ധോണി – 233

56.36 – ഷെയ്ന്‍ വോണ്‍ – 55

56.32 – രോഹിത് ശര്‍മ – 158

55.03 – ഗൗതം ഗംഭീര്‍ – 129

അതേസമയം മത്സരത്തില്‍ പഞ്ചാബിനായി കൂപ്പര്‍ കനോലി 44 പന്തില്‍ പുറത്താകാതെ 72 റണ്‍സും പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 37 റണ്‍സും അടിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, അശോക് ശര്‍മ, കാഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

കൂപ്പർ കനോലി. Photo: Shebas/x.com

ബാറ്റിങ്ങില്‍ ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 27 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 33 പന്തില്‍ 38 റണ്‍സും സ്‌കോര്‍ ചെയ്തു. പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും പിഴുതു.

Content Highlight: Shreyas Iyer tops the list of highest win percentage in IPL as a Captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി