ദല്‍ഹിക്ക് ശേഷം പഞ്ചാബും കീഴടക്കി; തിരിച്ചടികളിലും ചരിത്രമെഴുതി അയ്യര്‍
Cricket
ദല്‍ഹിക്ക് ശേഷം പഞ്ചാബും കീഴടക്കി; തിരിച്ചടികളിലും ചരിത്രമെഴുതി അയ്യര്‍
Sudev A
Friday, 15th May 2026, 2:25 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു പുതിയ നാഴികക്കല്ലാണ് പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. പഞ്ചാബിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അയ്യര്‍ തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് റണ്‍സ് നേടിയാണ് അയ്യര്‍ ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.

ഐ.പി.എല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന താരമായും ഇതോടെ അയ്യര്‍ മാറി. ഈ അപൂര്‍വ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമാണ് അയ്യര്‍. കെ.എല്‍ രാഹുലാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.

ഇതിന് മുമ്പ് ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് ശ്രേയസ് 1000 റണ്‍സ് സ്വന്തമാക്കിയിരുന്നത്. 29 മത്സരങ്ങളില്‍ നിന്നും 11 അര്‍ധ സെഞ്ച്വറികള്‍ അടക്കമാണ് അയ്യര്‍ പഞ്ചാബിനായി 1000 റണ്‍സ് സ്വന്തമാക്കിയത്.

ദല്‍ഹിക്ക് വേണ്ടി 41 മത്സരങ്ങളില്‍ നിന്നും 1242 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. എട്ട് ഫിഫ്റ്റിയും താരം ക്യാപിറ്റല്‍സിനായി അടിച്ചെടുത്തു.

രാഹുലും ആദ്യം 1000 റണ്‍സ് സ്വന്തമാക്കിയത് പഞ്ചാബിന് വേണ്ടിയായിരുന്നു. 27 മത്സരങ്ങളില്‍ നിന്നും 1296 റണ്‍സാണ് താരം പഞ്ചാബിനായി നേടിയത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും രാഹുല്‍ പഞ്ചാബിനായി അടിച്ചെടുത്തു.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് രാഹുലിന്റെ മറ്റൊരു 1000 റണ്‍സ് നേട്ടം. 37 മത്സരങ്ങളില്‍ നിന്നും 1395 റണ്‍സാണ് രാഹുല്‍ എല്‍.എസ്.ജിക്കായി നേടിയത്. ഈ സീസണില്‍ ദല്‍ഹിക്ക് വേണ്ടിയും രാഹുല്‍ 1000 റണ്‍സ് സ്വന്തമാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും രാഹുലാണ്.

അതേസമയം ഏഴ് മത്സരങ്ങള്‍ തോല്‍വിയറിയാതെ വന്ന ശ്രേയസ് അയ്യരും സംഘവും പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ പഞ്ചാബിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. മെയ് 17ന് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികള്‍.

Content Highlight: Shreyas iyer create a rare record in IPL history

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.