വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരും സംഘവും വിജയം നേടിയിരുന്നു. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.
വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവെ സിക്‌സര്‍ നേടിക്കൊണ്ടാണ് ശ്രേയസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ശ്രേയസിന്റെ ആദ്യ സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും ശ്രേയസിന് സാധിച്ചു. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20ഐ) സെഞ്ച്വറി നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.
ഈ നേട്ടം സ്വന്തമാക്കുന്ന 36ാമത് താരവും ഏഴാം ഇന്ത്യന്‍ താരവുമാണ് ശ്രേയസ് അയ്യര്‍.

Photo: Punjab Kings
സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി.
15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഇന്ത്യയ്ക്കായി നമന്‍ ധിര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം, ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുമ്പിലാണ്.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.
Content highlight: Shreyas Iyer becomes the seventh Indian player to score a century in all three formats.
