ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെപ്പ്
India
ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെപ്പ്
രാഗേന്ദു. പി.ആര്‍
Sunday, 1st February 2026, 6:19 am

മുംബൈ: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിന് നേരെ ആക്രമണം. മുംബൈ ജുഹുവിലെ വീടിന് നേരെ അക്രമികള്‍ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് (ഞായര്‍) പുലര്‍ച്ചയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല.

ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംവിധായകന്റെ വീടിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ രോഹിത് ഷെട്ടിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബോളിവുഡ് താരങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിരന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഗോല്‍മാല്‍, ഗോല്‍മാല്‍ റിട്ടേണ്‍സ്, ഗോല്‍മാല്‍ 3, സമീന്‍, സിങ്കം, സിങ്കം റിട്ടേണ്‍സ്, സിങ്കം എഗെയ്ന്‍, ചെന്നൈ എക്‌സ്പ്രസ്, സൂര്യവംശി, സിംബ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.

Content Highlight: Shots fired at Bollywood director Rohit Shetty’s house

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.