ദുല്‍ഖര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ഇവരാരും അമ്മയുടെ മീറ്റിങ്ങിന് വരുന്നില്ല, അവര്‍ക്ക് വേണ്ടിയല്ലെങ്കിലും അവര്‍ വരണം: ഷോബി തിലകന്‍
Malayalam Cinema
ദുല്‍ഖര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ഇവരാരും അമ്മയുടെ മീറ്റിങ്ങിന് വരുന്നില്ല, അവര്‍ക്ക് വേണ്ടിയല്ലെങ്കിലും അവര്‍ വരണം: ഷോബി തിലകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 30th June 2026, 5:36 pm

വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി പിന്നീട് അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ അഭിനേതാവാണ് ഷോബി തിലകന്‍. മലയാള സിനിമയിലെ ലെജന്‍ഡറി ആക്ടര്‍ തിലകന്റെ മകന്‍ എന്നതില്‍ നിന്നും മാറി സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 2001ല്‍ പുറത്തിറങ്ങിയ നാറാണത്ത് തമ്പുരാന്‍ എന്ന ചിത്രത്തില്‍ നടന്‍ ബാബുരാജിന് ശബ്ദം നല്‍കിക്കൊണ്ട് സിനിമയുടെ പിന്നാമ്പുറത്തേക്കെത്തിയ ഷോബി അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് 2012ല്‍ പുറത്തിറങ്ങിയ നമുക്കു പാര്‍ക്കാന്‍ എന്ന ചിത്രത്തിലൂടെയാണ്.

ദൃഢo. Photo: Reddit

അടുത്തിടെ പുറത്തിറങ്ങിയ ഷെയ്ന്‍ നിഗം ചിത്രം ദൃഢത്തില്‍ എ.എസ്.ഐ കൃഷ്ണന്‍ മേനോന്‍ എന്ന കഥാപാത്രമായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടത്തിന് ഷോബി തിലകന് വലിയ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ താരസംഘടനയായ എ.എം.എം.എയെ കുറിച്ച് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഷോബി തിലകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംഘടനയില്‍ വലിയ കോളിളക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്.

‘ഞാന്‍ പറയുകയാണെങ്കില്‍ ഈ പറയുന്ന സംഘടനയുടെ മീറ്റിങ്ങില്‍ യുവാക്കള്‍ ആരും വരുന്നില്ല. കഴിഞ്ഞ മീറ്റിങ്ങില്‍ ഇവരാരും എന്തുകൊണ്ട് വരുന്നില്ലെന്ന് അജു വര്‍ഗീസ് ചോദിച്ചിരുന്നു. പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, ചാക്കോച്ചന്‍, ഉണ്ണിമുകുന്ദന്‍ നിവിന്‍ പോളി തുടങ്ങിയവരാരും മീറ്റിങ്ങില്‍ വരുന്നില്ല. ആസിഫ് അലിയും ടൊവിനോയും കഴിഞ്ഞ മീറ്റിങ്ങില്‍ വന്നിരുന്നു. മറ്റുള്ളവര്‍ എന്തുകൊണ്ടാണ് വരാത്തത്.

എന്റെ അഭിപ്രായത്തില്‍ അവരെല്ലാം പങ്കെടുക്കണം. എന്നാല്‍ അവര്‍ക്ക് വേണ്ടിയല്ല. ഇതിലെ സാധാരണ അംഗങ്ങള്‍ക്ക് വേണ്ടി. അവശത അനുഭവിക്കുന്ന അല്ലെങ്കില്‍ ഒരു മാസത്തെ മരുന്ന് സൗജന്യമായി കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഈ സംഘടനയില്‍. അവരുടെ വെല്‍ഫെയറിന് വേണ്ടി വരണം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും പേര് വെച്ച് ഇത്രയും ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ ഇവര്‍ കൂടെ എത്തുമ്പോള്‍ അമ്മയ്ക്ക് കിട്ടുന്ന വരുമാനം വലുതായിരിക്കും.

എ.എം.എം.എ. Photo: X.com

ആ പണം വെച്ച് ഇതിലും ഒരുപാട് കാര്യങ്ങള്‍ അമ്മയ്ക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ 5000 രൂപ കൈനീട്ടം എന്നുള്ളത് കഴിഞ്ഞ മീറ്റിങ്ങില്‍ 6000 രൂപയാക്കിയിട്ടുണ്ട്. മറ്റേത് സംഘടനയ്ക്കാണ് 6500 രൂപ കൊടുക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ മറ്റൊരിടത്തും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന അമ്മ സംഘടന ഇങ്ങനെ നാമവശേഷമായി പോകാന്‍ പാടില്ല,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: Shobi Thilakan talks about young Malayalam stars who does not participate in A.M.M.A meeting

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.