തമിഴിലും തെലുങ്കിലും ലുക്ക് കൊണ്ട് മാത്രം പ്രേക്ഷകരില്‍ ഭയം ജനിപ്പിക്കുന്ന വില്ലന്മാരുണ്ട്. ഭയപ്പെടുത്തുന്ന ആകാരം കൊണ്ട് മലയാളികളെ അടുത്തകാലത്ത് ഞെട്ടിച്ച താരമാണ് ശിവജിത് പദ്മനാഭന്‍. ടൊവിനോ നായകനായെത്തിയ കല്‍ക്കിയിലൂടെയാണ് ശിവജിത് ശ്രദ്ധേയനാകുന്നത്. നഞ്ചന്‍കോട്ട ഭരിക്കുന്ന അമര്‍നാഥ് എന്ന കഥാപാത്രമായാണ് ശിവജിത് വേഷമിട്ടത്.
കല്‍ക്കിക്ക് ശേഷവും ശിവജിത്തിനെ തേടിയെത്തിയത് ഒരേ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. പ്രാവിന്‍കൂട് ഷാപ്പിലെ കൊമ്പന്‍ ബാബുവും ശിവജിത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ലോകഃയില്‍ വളരെ ചെറിയ സ്‌ക്രീന്‍ സ്‌പെയ്‌സ് കൊണ്ട് ശിവജിത് ഞെട്ടിച്ചു. രാജാവിന്റെ ഗെറ്റപ്പില്‍ ശിവജിത് നിറഞ്ഞുനില്‍ക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു സിനിമയിലെ പ്രകടനത്തിന്റെ പേരിലാണ്. ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ പെണ്ണ് കേസ് എന്ന ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശിവജിത് അവതരിപ്പിച്ചത്. വന്‍ ബില്‍ഡപ്പിലെത്തുകയും പിന്നീട് കോമഡി പീസായി മാറുകയും ചെയ്ത ഡേവിഡ് എന്ന കഥാപാത്രമാണ് ശിവജിത് പെണ്ണുകേസില്‍ പ്രത്യക്ഷപ്പെട്ടത്.
താടിയും മീശയുമുള്ളപ്പോള്‍ ടെറര്‍ ലുക്ക് തോന്നിക്കുന്ന ശിവജിത് ക്ലീന്‍ ഷേവ് ലുക്കിലെത്തുന്ന ഭാഗം എല്ലാവരിലും ചിരി പടര്‍ത്തുന്നുണ്ട്. നിഖില വിമല്‍ പറ്റിക്കുന്ന ധാരാളം പുരുഷന്മാരില്‍ ഒരാളായ ഡേവിഡ് ക്ലൈമാക്‌സില്‍ സ്‌കോര്‍ ചെയ്തതിന് കൈയും കണക്കുമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ടെറര്‍ ലുക്കില്‍ നിന്ന് നേരെ പൂക്കി ലുക്കിലേക്ക് മാറിയ ശിവജിത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ശിവജിത്തിന്റെ രണ്ട് ലുക്കും പങ്കുവെച്ചുകൊണ്ട് ധാരാളം പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താടിയും മീശയുമെടുത്താല്‍ എല്ലാ പുരുഷന്മാരും പൂക്കികളാകും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവര്‍ഷം വില്ലനായും ഈ വര്‍ഷം കോമഡി നടനായും ശിവജിത് തിളങ്ങിയിരിക്കുകയാണ്. താരത്തിനെ ഇതുപോലെ മറ്റ് സംവിധായകരും വ്യത്യസ്ത കഥാപാത്രങ്ങളില്‍ അവതരിപ്പിക്കട്ടെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം നേടിയ പെണ്ണ് കേസ് കഴിഞ്ഞദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. നവാഗതനായ ഫെബിന്‍ ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമലാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. വിവാഹതട്ടിപ്പ് നടത്തുന്ന സ്ത്രീയുടെ കഥ പറഞ്ഞ ചിത്രത്തില്‍ രമേശ് പിഷാരടി, അജു വര്‍ഗീസ്, ഇര്‍ഷാദ് അലി, ഹക്കിം ഷാ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
Content Highlight: Shivajith’s look in Pennu case movie viral