മസ്‌കറ്റ്: ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന പനാമയുടെ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ മിസൈല്‍ ആക്രമണം. എം.ടി ഓണ്‍ പീസ് എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇതില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആകെ 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു. ഒമാന്‍ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റ ജീവനക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കപ്പലുകള്‍ക്കും നാവിക ജീവനക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇത്തരം ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിത നാവിഗേഷനും വാണിജ്യ ഗതാഗതവും എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കേറ്റ ജീവനക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ച ഒമാന്‍ അധികൃതര്‍ക്ക് വിദേശകാര്യ മന്ത്രാലയം നന്ദിയും അറിയിച്ചിട്ടുണ്ട്.
Content Highlights: Ship attacked in Hormuz; 11 Indians injured.
