ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല; ഇന്ത്യന്‍ ടീമിനൊപ്പം തുടരും
ICC WORLD CUP 2019
ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല; ഇന്ത്യന്‍ ടീമിനൊപ്പം തുടരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2019, 12:15 am

നോട്ടിങ്ഹാം: ഇംഗ്ലണ്ടില്‍ ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല. ടീമിനൊപ്പം തുടരുമെന്ന് ബി.സി.സി.ഐയാണ് അറിയിച്ചത്.

ശിഖര്‍ ധവാന്‍ വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ധവാന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ധവാന് പകരം താരത്തെ ടീമിലെടുക്കുമോയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്തിരുന്നു. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.

ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.

പാറ്റ് കമ്മിന്‍സിന്റെ പന്താണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്കുമേല്‍ പരിക്കേല്‍പ്പിച്ചത്. പരിക്കിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി.

ന്യൂസീലന്‍ഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.