മലയാള, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശാന്തി കൃഷ്ണ. 1976-ൽ പുറത്തിറങ്ങിയ ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം, 1994-ൽ പുറത്തിറങ്ങിയ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, പിൻഗാമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവർ അവതരിപ്പിച്ചു.
2017-ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ശാന്തി കൃഷ്ണ പിന്നീട് കുട്ടനാടൻ മാർപ്പാപ്പ, അരവിന്ദന്റെ അതിഥികൾ, വിജയ് സൂപ്പറും പൗർണ്ണമിയും, മച്ചാന്റെ മാലാഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
മക്കൾക്ക് എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യം നൽകിയാണ് മുന്നോട്ട് പോകുന്നത്. അങ്ങനെ അല്ലാത്തപക്ഷം, അമ്മയ്ക്ക് ഈ കാലത്ത് നടക്കുന്നതൊന്നും അറിയില്ല എന്ന് പറഞ്ഞ് നമ്മളെ ഒരു പുരാവസ്തുവായി കണ്ട് മാറ്റിനിർത്തും എന്ന് നടി ശാന്തി കൃഷ്ണ പറയുന്നു.
‘എന്റെ മക്കൾക്ക് എന്തും പറയാനുള്ള ഒരു സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്. മക്കൾക്ക് അടുത്ത സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കിലും ലൈഫിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അവർ ആദ്യം എന്നെയായിരിക്കും വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.
കാരണം അതിനുള്ള ഒരു സ്വാതന്ത്ര്യം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്. അങ്ങനെയല്ലെങ്കിൽ അമ്മയ്ക്ക ഇതൊന്നും അറിയില്ല എന്ന് പറഞ്ഞ് നമ്മളെ ഒരു പുരാതന വസ്തു ആക്കി എവിടെയെങ്കിലും കൊണ്ടിരുത്തിക്കളയും. കാലം മാറുന്നതിനനുസരിച്ച് നമ്മൾ എപ്പോഴും അപ്‌ഡേറ്റ് ആയിക്കൊണ്ടേ ഇരിക്കണം,’ നടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൊന്നും ഇല്ലാതിരുന്ന തനിക്ക് മകനാണ് അക്കൗണ്ട് തുടങ്ങി തന്നതെന്നും, പിന്നീട് അതിൽ എപ്പോഴും സജീവമായിരിക്കാൻ മക്കൾ പറയാറുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു.
‘ഇപ്പോൾ ഈ ഇൻസ്റ്റഗ്രാമിലൊക്കെ കുട്ടികൾ എന്തോരം പുതിയ വാക്കുകളാണ് കണ്ടുപിടിക്കുന്നത്. ഒരു സമയത്ത് ഈ സമൂഹമാധ്യമങ്ങളൊന്നും വേണ്ട എന്ന് പറഞ്ഞ് നടന്ന ആളാണ് ഞാൻ. പക്ഷേ എന്റെ മോനാണ് എനിക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടൊക്കെ തുടങ്ങി തന്നത്. അത് കഴിഞ്ഞ് നമ്മൾ അതിൽ ഒന്നും ഇടാത്തപ്പോൾ അവർ ചോദിക്കും, അമ്മ എന്താ പോസ്റ്റൊന്നും ഇടാത്തത് അമ്മ റീൽസൊക്കെ ഇടണം എന്നൊക്കെ,’ ശാന്തി കൃഷ്ണ പറഞ്ഞു.
താനും സമൂഹമാധ്യമങ്ങളിൽ കാണുന്ന ഇൻഫ്ലുവൻസർമാരെപ്പോലെ വീഡിയോസ് ഒക്കെ എടുക്കാൻ ശ്രമിച്ചതായിരുന്നു എന്നും, എന്നാൽ ആളുകൾ നോക്കുമ്പോൾ തനിക്ക് മടിയാകുന്നത് കൊണ്ട് ഫോൺ മാറ്റിവെക്കുകയാണ് പതിവെന്നും നടി ശാന്തി കൃഷ്ണ പറഞ്ഞു. ഇന്നത്തെ ഇൻഫ്ലുവൻസർമാർക്കുള്ള ധൈര്യത്തെ അഭിനന്ദിക്കേണ്ടതാണെന്നും താരം കൂട്ടിച്ചേർത്തു.
‘അങ്ങനെ ഞാനും ഈ ഇൻഫ്ലുവൻസേഴ്സ് ഒക്കെ ചെയ്യുന്നപോലെ വീഡിയോസ് ഇടാനൊക്കെ ശ്രമിച്ചതാണ്. പക്ഷേ ഞാൻ ഫോണൊക്കെ എടുത്ത് എന്തെങ്കിലും സംസാരിച്ചു തുടങ്ങുമ്പോൾ ആളുകളൊക്കെ നോക്കുമല്ലോ, അപ്പോൾ എനിക്ക് മടിയാവും, ഫോൺ മാറ്റിവെക്കും. ഈ ഇൻഫ്ലുവൻസേഴ്സിന് അതിനൊക്കെ ഒരു പ്രത്യേക ധൈര്യം തന്നെ വേണം, അതിനു ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു.
കാരണം നമ്മൾക്ക് ഒരു കോൺഫിഡൻസ് ഇല്ലെങ്കിൽ ആ പണി ചെയ്യരുത്, അത് ഭയങ്കര ബോറായിരിക്കും. എല്ലാവരും ചെയ്യുന്നു, എന്നാൽ ഞാനും ചെയ്യട്ടെ എന്ന് വിചാരിച്ചാൽ ശരിയാവില്ല. ഒരു യൂട്യൂബ് ചാനലൊക്കെ ഒറ്റയ്ക്ക് തുടങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല, ആരെങ്കിലും കൂടെയുണ്ടെങ്കിൽ വേണമെങ്കിൽ നോക്കാം എന്നല്ലാതെ,’ ശാന്തി കൃഷ്ണ പറഞ്ഞു.