മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷെയ്ന്‍ നിഗം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ സുപരിചിതനാകുന്നത്. ആ സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറാണെന്ന് ഷെയ്ന്‍ പറഞ്ഞു.

താരത്തിന്റെ പുതിയ സിനിമയായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ആദ്യമായി മുഖം കാണിച്ച സിനിമയായ അന്‍വറിലും സൗബിനാണ് തന്നെ സജസ്റ്റ് ചെയ്തതെന്നും അന്നയും റസൂലിന് ശേഷം രാജീവ് രവി കാരണമാണ് കിസ്മത്ത് എന്ന സിനിമയുടെ ഭാഗമായതെന്നും ഷെയ്ന്‍ പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ഏറ്റവും ഇംപോര്‍ട്ടന്റായ ഒരു വ്യക്തിയാണ് സൗബിനെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവയിലും തനിക്ക് ശക്തമായ ഒരു വേഷം തന്നത് സൗബിനാണെന്നും ഷെയ്ന്‍ പറഞ്ഞു.

‘സൗബിക്കയാണ് എന്നെ സിനിമയിലേക്ക് റെക്കമെന്‍ഡ് ചെയ്യുന്നത്. പുള്ളി അസിസ്റ്റന്റായിട്ടുള്ള അന്‍വര്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി തല കണിച്ചത്. പിന്നീട് അന്നയും റസൂലും എന്ന സിനിമയിലേക്കും എന്നെ സജസ്റ്റ് ചെയ്തത് പുള്ളിയാണ്. ഭാസി ചെയ്യേണ്ട വേഷമായിരുന്നു അത്. അന്നയുടെ അനിയനായിട്ടുള്ള ക്യാരക്ടറാണ് എന്നെ കുറച്ചുകൂടെ ഫെമിലിയറാക്കിയത്. ആ സിനിമയിലെ പെര്‍ഫോമന്‍സ് കണ്ട് രാജീവ് രവി സാര്‍ എന്റെ നമ്പര്‍ വാങ്ങിയിരുന്നു.

അദ്ദേഹമാണ് പിന്നീട് എന്നെ കിസ്മത്ത് എന്ന സിനിമയിലേക്ക് വിളിച്ചത്. എന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറ്റവും ഇംപോര്‍ട്ടമന്റായിട്ടുള്ള ഒരു വ്യക്തി സൗബിക്കയാണ്. എല്ലത്തിലും ഉപരി പുള്ളി ആദ്യമായി സംവിധാനം ചെയ്ത പറവയില്‍ എനിക്ക് ശക്തമായ ഒരു റോള്‍ തന്നു. ഒരു കോ ആക്ടര്‍ എന്നതിലുപരി ചേട്ടനെപ്പോലെയാണ് എനിക്ക് സൗബിക്ക. എനിക്ക് പുള്ളിയോട് ഒരുപാട് കടപ്പാടും സ്‌നേഹവുമുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam saying that Soubin suggested him for Annayum Rasoolum movie