‘അളിയാ പുട്ടും മട്ടനും കഴിക്കാം...’ എന്നാണ് രാവിലെയായാൽ വിനീതിന്റെ ആദ്യ ചോദ്യം: ഷാൻ റഹ്മാൻ
Malayalam Cinema
‘അളിയാ പുട്ടും മട്ടനും കഴിക്കാം...’ എന്നാണ് രാവിലെയായാൽ വിനീതിന്റെ ആദ്യ ചോദ്യം: ഷാൻ റഹ്മാൻ
നന്ദന എം.സി
Monday, 18th May 2026, 9:14 am

മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ആഘോഷമായി മുന്നേറുകയാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്.

മാസ്, കോമഡി, ക്യാമ്പസ്, ആക്ഷൻ എന്നീ ഘടകങ്ങൾ ഒത്തുചേർന്ന ചിത്രത്തിൽ സംഗീത സംവിധായകനായ ഷാൻ റഹ്മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാനിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതിരടി, Photo: IMDb

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഷാൻ റഹ്മാൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. വിനീത് ശ്രീനിവാസന്റെ ഭക്ഷണപ്രിയത്തെ കുറിച്ചും ഷൂട്ടിങ് ദിവസങ്ങളിലെ രസകരമായ നിമിഷങ്ങളെയും കുറിച്ചുമാണ് ഷാൻ സംസാരിച്ചത്.

‘ഈ രാവിലെയായി കഴിഞ്ഞാൽ വിനീതിന് ഒരു സ്വഭാവമുണ്ട്. അളിയാ പുട്ടും മട്ടനും കഴിക്കാം എന്ന് പറയും. അങ്ങനെ രാവിലെ ഈ പുട്ടും മട്ടനും കഴിക്കാൻ പോകും. എയർപോർട്ടിന്റെ സൈഡിൽ ആണ് ഞങ്ങളുടെ ഹോട്ടൽ.

എനിക്ക് ഓർമയുണ്ട് ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് രാവിലെ പുട്ടും മട്ടനും കഴിച്ചതിന് ശേഷം ബേസിലും വിനീതും എയർപോർട്ട് മുതൽ ഹോട്ടൽ വരെ നടക്കും. ഈ കഴിച്ച സാധനം ബേൺ ചെയ്യും.

ഞാൻ കാറിൽ ഹോട്ടലിലേക്ക് പോകും കാരണം എനിക്കത് ബേൺ ചെയ്യണ്ട ആവശ്യം ഇല്ല. ഞാൻ അതിനല്ലല്ലോ ഫുഡ് കഴിച്ചത്,’ എന്നായിരുന്നു ഷാൻ റഹ്മാന്റെ വാക്കുകൾ. ഷാനിന്റെ ഈ തമാശ നിറഞ്ഞ അനുഭവം സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ശ്രദ്ധനേടുകയാണ്.

പ്രത്യേകിച്ച് വിനീത് ശ്രീനിവാസന്റെയും ബേസിൽ ജോസഫിന്റെയും സൗഹൃദ നിമിഷങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തിനൊപ്പം താരങ്ങളുടെ ഓഫ് സ്ക്രീൻ കെമിസ്ട്രിയും ഇപ്പോൾ ചർച്ചയാവുകയാണ്.

മെയ് 14നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഹാസ്യവും ആക്ഷനും ചേർത്ത് ഒരുക്കിയ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ഡോ. അനന്തു എസും ബേസിൽ ജോസഫും ചേർന്നാണ്. അതേസമയം ചിത്രത്തിലെ റിയ ഷിബു അവതരിപ്പിക്കുന്ന ‘സ്വാതി’ എന്ന കഥാപാത്രവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Content Highlight: Shan Rahman talk about Vineeth Sreenivasan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.