ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ ടോട്ടലുമായി വെസ്റ്റ് ഇന്‍ഡീസ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ 405 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്.
ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് കരീബിയന്‍സ് മികച്ച സ്‌കോറിലെത്തിയത്.
കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്.
94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഹോപ്പിന്റെ 20ാം സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനും വിന്‍ഡീസ് നായകന് സാധിച്ചു.

ഷായ് ഹോപ്പ്
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് വിന്‍ഡീസ് താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ മറികടന്നാണ് ഹോപ്പ് രണ്ടാമതെത്തിയത്. വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ഈ റെക്കോഡില്‍ ഹോപ്പിന് മുമ്പിലുള്ളത്.
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍
(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 291 – 25
ഷായ് ഹോപ്പ് – 151 – 20*
ബ്രയാന്‍ ലാറ – 285 – 19
ഡെസ്മണ്ട് ഹെയ്ന്‍സ് – 237 – 17
ഇതിനൊപ്പം തന്നെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനെന്ന നേട്ടവും ഹോപ്പ് സ്വന്തമാക്കി. ഇന്ത്യന്‍ ലെജന്‍ഡ് എം.എസ്. ധോണിയെ മറികടന്നുകൊണ്ടായിരുന്നു ഹോപ്പിന്റെ നേട്ടം.

ഷായ് ഹോപ്പ്
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാര്‍
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 7*
എം.എസ്. ധോണി – ഇന്ത്യ – 6
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 5
ഇന്ത്യന്‍ നിരയില്‍ നമന്‍ ധിറും കുല്‍ദീപ് യാദവും മാത്രമാണ് ഏഴില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞത്. ധിര്‍ 6.1 ഓവറില്‍ 38 റണ്‍സ് വഴങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 65 റണ്‍സാണ് കുല്‍ദീപ് വിട്ടുകൊടുത്തത്.
ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 405ലെത്തി. ഏകദിനത്തില്‍ ഇന്ത്യ വഴങ്ങുന്ന മൂന്നാമത് ഉയര്‍ന്ന സ്‌കോറാണിത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.
Content Highlight: Shai Hope surpasses MS Dhoni and Brian Lara in 2 records
