ജോസഫ് സിനിമയിൽ യൂണിഫോമിട്ട നായകനും അവിഹിത ബന്ധങ്ങളും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു: ഷാഹി കബീർ
malayalam movie
ജോസഫ് സിനിമയിൽ യൂണിഫോമിട്ട നായകനും അവിഹിത ബന്ധങ്ങളും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു: ഷാഹി കബീർ
നന്ദന. ടി
Wednesday, 12th August 2026, 3:13 pm

പൊലീസുകാരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീർ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ രണ്ട് മികച്ച കഥാപാത്രങ്ങൾ നൽകിയ നായാട്ടിനും ഓഫീസർ ഓൺ ഡ്യൂട്ടിക്കും ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു കിരൺ ദാസ് സംവിധാനം ചെയ്ത് ജൂലൈ 31-ന് തിയേറ്ററുകളിലെത്തിയ ഉന്മാദം.

ആരോഗ്യ മേഖലയിലെ അവയവദാനവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ ആസ്പദമാക്കി 2018-ൽ ഷാഹി കബീറിന്റെ തിരക്കഥയിൽ എം. പത്മകുമാർ സംവിധാനം നിർവ്വഹിച്ച ചിത്രമായിരുന്നു ജോസഫ്. ഇപ്പോഴിതാ ഇന്റിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജോസഫ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷാഹി കബീർ.

ഷാഹി കബീർ. Photo. Screen grab/ Youtube

സിനിമയിൽ വരണമെന്ന ആഗ്രഹത്തിൽ യാതൊരുവിധ റഫറൻസുകളുമില്ലാതെ എഴുതിയ സിനിമയാണ് ജോസഫ് എന്ന് പറയുകയാണ് ഷാഹി കബീർ.

‘ഞാൻ ആദ്യമായി സിനിമയിൽ കയറണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്ത്, ഒരാൾ എന്നോട് ഒരു കുറ്റാന്വേഷണ കഥ എഴുതാമോ എന്ന് ചോദിച്ചപ്പോൾ കൃത്യമായി ഒരു ഐഡിയയുമില്ലാതെ ഉണ്ടാക്കിയ കഥയാണ് ജോസഫ്. എന്റെ അടുത്ത് ആ സിനിമയ്ക്ക് വേണ്ട യാതൊരുവിധ റഫറൻസുകളും ഉണ്ടായിരുന്നില്ല. എന്നാൽ കുറച്ച് ഇമോഷണൽ ട്രാക്ക് പിടിക്കുകയും വേണമായിരുന്നു,’ ഷാഹി കബീർ പറഞ്ഞു.

സ്ഥിരം കുറ്റാന്വേഷണ കഥകളിൽ നിന്ന് തന്റെ സിനിമയെ വ്യത്യസ്തമാക്കി നിർത്താനാണ് ശ്രമിച്ചതെന്നും, അതിന്റെ ഭാഗമായാണ് അവയവദാനം എന്ന വിഷയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇതിലെയൊരു രസം എന്തായിരുന്നുവെന്ന് വെച്ചാൽ, എല്ലാ കുറ്റാന്വേഷണ സിനിമകളിലും യൂണിഫോമിട്ട ആളായിരിക്കും പ്രധാന കഥാപാത്രം. അപ്പോൾ ഞാൻ വിചാരിച്ചു പ്രധാന കഥാപാത്രം റിട്ടയേർഡ് ആയ ഒരാളാകാമെന്ന്. അതുപോലെ സാധാരണയായി കണ്ടുവരുന്ന ഒന്നായിരുന്നു അതിക്രമങ്ങളോ അവിഹിത ബന്ധങ്ങളോ ഒക്കെയായി കേസ് ബന്ധപ്പെട്ടിരിക്കുന്നത്, അതും ഞങ്ങളുടെ സിനിമയിൽ വേണ്ട എന്ന് തീരുമാനിച്ചു.

അങ്ങനെ ആ സ്ഥിരം ഘടകങ്ങൾക്ക് ഒരു വ്യത്യാസം കൊണ്ടുവരാം എന്ന രീതിയിലാണ് അവയവദാനം എന്നൊരു വിഷയത്തിലേക്ക് എത്തുന്നത്. എല്ലാവരും കൺഫ്യൂസ്ഡ് ആയി നിൽക്കുന്ന ഒരു സിറ്റുവേഷനിലേക്ക് ആ കഥാപാത്രത്തെ കയറ്റിവിടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

സ്ഥിരം ക്ലിഷേകളെല്ലാം പൊളിച്ചെഴുതി വളരെ സൂക്ഷ്മമായാണ് വൈകാരിക സംഘർഷങ്ങൾ സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതെന്നും ഷാഹി കബീർ പറഞ്ഞു.

‘പിന്നെ സ്ഥിരം ക്ലിഷേകളിൽ നിന്ന് മാറി, ഒരാൾ മരിച്ചുകൊണ്ട് കേസ് തെളിയിച്ചാൽ കൂടുതൽ ഇന്ററസ്റ്റിംഗ് ആയിരിക്കും എന്നൊരു ചിന്ത വന്നു. ആ ഒരു ചിന്തയിൽ നിന്നാണ് ജോസഫിന് ഒരു കുടുംബം വേണമെന്ന് തീരുമാനിക്കുന്നത്. കാരണം ജോസഫിന് ആത്മഹത്യ ചെയ്യണമെങ്കിൽ അയാൾക്ക് ജീവിതത്തിൽ മറ്റു ബന്ധങ്ങളൊന്നും ഉണ്ടാവാൻ പാടില്ലായിരുന്നു.

അതുകൊണ്ടാണ് ഭാര്യയും മകളും മരിക്കുന്നതായി കാണിക്കുന്നത്. പിന്നീട് സിനിമയിൽ കുറച്ചുകൂടെ ഇമോഷണൽ ഘടകങ്ങൾ കൊണ്ടുവരാൻ വേണ്ടിയാണ് പീറ്റർ എന്ന കഥാപാത്രത്തെ കൊണ്ടുവരുന്നത്. അങ്ങനെ അപ്പുറവും ഇപ്പുറവും പോയി മനപൂർവം സെറ്റ് ചെയ്തുണ്ടാക്കിയ ഇമോഷണൽ കോൺഫ്ലിക്റ്റുകളാണ് സിനിമയിലുടനീളമുള്ളത്,’ ഷാഹി കബീർ പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖലയിലെ അവയവദാനത്തെ ചോദ്യം ചെയ്യുകയും, അവയവദാനത്തിന് സന്നദ്ധരാകുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചിത്രമാണ് ജോസഫ് എന്ന തരത്തിൽ വിമർശങ്ങളും ചിത്രത്തിനെതിരെ ഉയർന്നിരുന്നു.

ജോസഫ്. Photo. IMDb

Content Highlight: Shahi Kabir talks about how the story of the movie Joseph was crafted

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം