പതിറ്റാണ്ടുകൾക്ക് മുമ്പ് സിനിമയിലെത്തി ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയിൽ സജീവമായ വ്യക്തിയാണ് ജഗദീഷ്. 1984 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസിലൂടെ നായകപരിവേഷത്തിലേക്കും തന്റെ ഗ്രാഫ് ഉയർത്തിയിരുന്നു. എന്നാൽ 2024 ൽ പുറത്തിറങ്ങിയ ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിൽ കൊടൂര വില്ലനായെത്തിയ ജഗദീഷ് തനിക്ക് എല്ലാ റോളുകളും ചേരുമെന്നും തെളിയിച്ചു.

പ്രായം എഴുപത് പിന്നിട്ടെങ്കിലും ആവേശോജ്ജ്വലമായ പ്രകടനമാണ് താരം കാഴ്ചവെക്കാറുള്ളത്. ഈ വർഷം പുറത്തിറങ്ങിയ ആന്റണി വർഗീസ് നായകനായ കാട്ടാളൻ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അലി എന്ന കഥാപാത്രം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ മസ്തിഷ്‌ക മരണം, ഭരതനാട്യം 2 മോഹിനിയാട്ടം, മധുവിധു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മാർക്കോ. Photo. Screen Grab/ Youtube.

ഇപ്പോഴിതാ എം.ഇ.എസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ‘മാർക്കോ’ എന്ന സിനിമയിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരു ദുഖവുമില്ലെന്ന് തുറന്നു പറയുകയാണ് താരം. ചിത്രത്തിലെ തന്റെ കഥാപാത്രത്തെയോ പ്രകടനത്തെയോ കുറിച്ചല്ല വിമർശനങ്ങൾ ഉയർന്നതെന്നും, സിനിമയിലെ അതിരൂക്ഷമായ വയലൻസിനെക്കുറിച്ചായിരുന്നു പ്രധാനമായും നെഗറ്റീവ് അഭിപ്രായങ്ങളെന്നും ജഗദീഷ് പറഞ്ഞു.

‘മാർക്കോയിൽ അഭിനയിച്ചതിൽ ഒരു ദുഖവുമില്ല. അതിനകത്തുള്ള ആരോപണം എന്ന് പറയുന്നത് എന്റെ പെർഫോമൻസിനെക്കുറിച്ചോ ആ റോൾ ഏറ്റെടുത്തതിനെക്കുറിച്ചോ അല്ല. അതിലെ വയലൻസിനെക്കുറിച്ചായിരുന്നു നെഗറ്റീവ്. ഒന്നാമത് അത് ഒരു അഡൾട്സ് ഒൺലി മൂവിയായിരുന്നു. പിന്നീട് അത് കുട്ടികളൊക്കെ കണ്ടു എന്നുള്ളത് സത്യം തന്നെയാണ്,’ ജഗദീഷ് പറഞ്ഞു.

വ്യക്തിപരമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നും, എന്നാൽ സിനിമയിൽ അക്രമം അവതരിപ്പിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാൻ വ്യക്തിപരമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അടി കണ്ടാൽ ഓടുന്ന ആളാണ് ഞാൻ. ഒരു കൊല പോയിട്ട് ഒരു അടി കാണുന്നതുപോലും, ഒരു ആക്സിഡന്റ് കണ്ടതുപോലും എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ സിനിമയിൽ അതല്ല. അത്രയും ബ്രൂട്ടൽ ആയിട്ട് കൊല്ലാനും കൊല്ലിക്കാനും ഒരു മടിയുമില്ലാത്ത കഥാപാത്രമാണ് ഐസക്കിന്റേത്. അത് നമ്മൾ അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ അത് അഭിനയമാണ്. റിയൽ ലൈഫും അഭിനയവും രണ്ടും രണ്ടാണ്,’ ജഗദീഷ് പറഞ്ഞു.

സിനിമയിൽ പലപ്പോഴും കഥയുടെയും കഥാപാത്രത്തിന്റെയും ആവശ്യത്തിനനുസരിച്ച് കാര്യങ്ങൾ അതിരൂക്ഷമായി അവതരിപ്പിക്കേണ്ടി വരുമെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. സിനിമയും യഥാർഥ ജീവിതവും ഒരേ രീതിയിൽ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയിൽ കാണുന്ന പോലീസ് ഓഫീസർ നായകനാണെങ്കിൽ അയാൾ മന്ത്രിയെ വരെ അടിക്കുന്നുണ്ട്. റിയൽ ലൈഫിൽ അത് നടക്കില്ലല്ലോ. അപ്പോൾ അതൊക്കെ നമ്മൾ സിനിമയായിട്ടാണ് കാണേണ്ടത്. സ്ക്രീനിൽ എപ്പോഴും എക്സാജറേഷൻ ആണ്. എക്സാജറേഷൻ വേണമെന്ന് പറയുന്നവരുണ്ട്. സിനിമ ട്രൂ ലൈഫ് ആയിരിക്കണം എന്ന് പറയുന്നവരുമുണ്ട്,’ ജഗദീഷ് പറഞ്ഞു.

ജഗദീഷ്. Photo. Screen Grab/ Youtube

യഥാർത ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം തന്നെയായിരിക്കണം സിനിമയെന്ന് വിശ്വസിക്കുന്നവരും, അതേസമയം അതിരൂക്ഷമായ അവതരണങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകളും ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

‘അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ളവർ സിനിമ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം ആയിരിക്കണം എന്ന് വിശ്വസിക്കുന്നവരാണ്. ഞാൻ അത്തരം സിനിമകളിലും എക്സാജറേറ്റഡ് ആയിട്ടുള്ള സിനിമകളിലും അഭിനയിക്കും,’ ജഗദീഷ് വ്യക്തമാക്കി.

Content highlight: Jagadish says he has no regrets about ‘Marco’; explains that on-screen violence and real life are different